ന്യൂഡൽഹി
സംസ്ഥാന സർക്കാരുകൾക്ക് ഒബിസി വിഭാഗങ്ങളെ നിശ്ചയിക്കാനുള്ള അധികാരം മടക്കിനൽകുന്ന 127–-ാം ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭ പാസാക്കി. ദേശീയ പിന്നോക്ക കമീഷൻ ശുപാർശയിൽ രാഷ്ട്രപതിയാണ് ഒബിസി വിഭാഗങ്ങളെ നിശ്ചയിക്കേണ്ടതെന്ന മെയ് അഞ്ചിന്റെ സുപ്രീംകോടതി വിധി മറികടക്കാനാണ് ബിൽ. ഇതുവഴി ഭരണഘടനയിലെ 342എ വകുപ്പിലെ ഒന്നും രണ്ടും അനുച്ഛേദങ്ങൾ ഭേദഗതി ചെയ്ത് മൂന്ന് എന്ന പുതിയ അനുച്ഛേദം ഉൾപ്പെടുത്തുകയാണ്. 366(26സി), 338ബി(9) അനുച്ഛേദങ്ങളും ഭേദഗതി ചെയ്യുന്നു.
ഇതോടെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സ്വന്തം ഒബിസി പട്ടിക തയ്യാറാക്കാം. സാമൂഹ്യവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്നവരെ നിർവചിക്കുന്നതാണ് 366(26സി). ഒബിസിയെ നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന നിയമസഭകൾക്ക് ലഭിക്കും.
ബിൽ പാസാക്കാൻ പ്രതിപക്ഷം സഹകരിച്ചു. ഈ സമ്മേളനത്തിൽ ആദ്യമായാണ് ലോക്സഭയിൽ പ്രതിപക്ഷപങ്കാളിത്തത്തോടെ ചർച്ചചെയ്ത് ഒരു ബിൽ പാസാക്കിയത്. ബിൽ ബുധനാഴ്ച രാജ്യസഭയിൽ അവതരിപ്പിക്കും. രാജ്യസഭയിലും സഹകരിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
ഒബിസി ബിൽ കണ്ണിൽ
പൊടിയിടാൻ: ആരിഫ്
അധികാരമേറ്റതുമുതൽ ഫെഡറൽ സംവിധാനം തകർക്കാൻ ശ്രമിക്കുന്ന നരേന്ദ്ര മോഡി സർക്കാർ അത് സംരക്ഷിക്കാനെന്ന വ്യാജേന ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിച്ചത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് എ എം ആരിഫ് ലോക്സഭയിൽ പറഞ്ഞു. ഒബിസി വിഭാഗങ്ങളെ നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് തിരികെ നൽകാനുള്ള ഭരണഘടനാ ഭേദഗതിബില്ലിന്റെ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രം മുതലക്കണ്ണീരാണ് ഒഴുക്കുന്നത്. കാർഷിക നിയമങ്ങളുടെയും വിദ്യാഭ്യാസ നയത്തിന്റെയും കാര്യത്തിൽ ഫെഡറലിസത്തിന് പുല്ലുവില നൽകുന്നില്ല. കോവിഡ് വാക്സിനിൽ ഫെഡറലിസത്തിന്റെ പ്രാധാന്യം സുപ്രീംകോടതി ഓർമിപ്പിച്ചതുകൊണ്ടുമാത്രം സർക്കാർ ചില നടപടി സ്വീകരിച്ചു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയപ്പോഴാണ് പിന്നോക്ക ക്ഷേമത്തെപ്പറ്റി സർക്കാരിന് ഓർമവന്നതെന്നും ആരിഫ് കുറ്റപ്പെടുത്തി.