ന്യൂഡൽഹി
സ്ഥാനാർഥികളുടെ ക്രിമിനൽ കേസുകൾ പരസ്യപ്പെടുത്തുന്നത് സംബന്ധിച്ച മാർഗനിർദേശം ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ലംഘിച്ചതിന് എട്ട് രാഷ്ട്രീയപാർടിക്ക് സുപ്രീംകോടതി പിഴയിട്ടു. സിപിഐ എമ്മിനും എൻസിപിക്കും അഞ്ച് ലക്ഷം രൂപവീതവും ബിജെപി, കോൺഗ്രസ്, ആർജെഡി, ജെഡിയു, സിപിഐ, എൽജെപി പാർടികൾക്ക് ലക്ഷം രൂപവീതവുമാണ് പിഴ. കഴിഞ്ഞവർഷം ഫെബ്രുവരിയിലെ സുപ്രീംകോടതി മാർഗനിർദേശം ലംഘിച്ചത് കോടതിയലക്ഷ്യമാണെന്ന് ജസ്റ്റിസുമാരായ ആർ എഫ് നരിമാൻ, ബി ആർ ഗവായ് എന്നിവർ വിധിയിൽ വ്യക്തമാക്കി. പിഴത്തുക എട്ട് ആഴ്ചയ്ക്കുള്ളിൽ തെരഞ്ഞെടുപ്പ് കമീഷൻ അക്കൗണ്ടിൽ നിക്ഷേപിക്കണം.
തെരഞ്ഞെടുപ്പ് കമീഷൻ നൽകുന്ന ഫോം എല്ലാ സ്ഥാനാർഥികളും പൂരിപ്പിച്ച് നൽകുക, വിചാരണ നേരിടുന്ന ക്രിമിനൽ കേസുകൾ വലിയ അക്ഷരത്തിൽ എഴുതുക, ക്രിമിനൽ കേസുകൾ സ്ഥാനാർഥികൾ അതത് പാർടികളെ അറിയിക്കുക, സ്ഥാനാർഥിയുടെ ഇത്തരം വിവരം പാർടികൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുക, പത്രങ്ങളിലും ഇലക്ട്രോണിക് മാധ്യമങ്ങളിലും പരസ്യപ്പെടുത്തുക തുടങ്ങിയ മാർഗനിർദേശങ്ങളാണ് നിലവിലുള്ളത്. ഇതിലെ വീഴ്ചകളുടെ അടിസ്ഥാനത്തിലാണ് പിഴ നിർണയിച്ചത്. ബോധപൂർവമല്ലെന്നും നോട്ടപ്പിശക് ഉണ്ടായെന്നും സിപിഐ എമ്മിനുവേണ്ടി ഹാജരായ പി വി സുരേന്ദ്രനാഥ് കോടതിയെ അറിയിച്ചു.
പാർടികളുടെ രജിസ്ട്രേഷൻ റദ്ദാക്കണം, ചിഹ്നം മരവിപ്പിക്കണം എന്നിങ്ങനെയുള്ള ഹർജിക്കാരൻ ബ്രജേഷ് സിങ്ങിന്റെ ആവശ്യങ്ങൾ കോടതി തള്ളി. സ്ഥാനാർഥികളുടെ ക്രിമിനൽ കേസ് വിവരങ്ങൾ രാഷ്ട്രീയ പാർടികളുടെ വെബ്സൈറ്റിന്റെ ഹോംപേജിൽ നൽകണമെന്ന് കോടതി ഉത്തരവായി. വിവരങ്ങൾ നൽകാൻ തെരഞ്ഞെടുപ്പ് കമീഷൻ മൊബൈൽ ആപ് തുടങ്ങണം. സ്ഥാനാർഥിയെ പ്രഖ്യാപിച്ച് 48 മണിക്കൂറിനുള്ളിലാണ് വിവരം നൽകേണ്ടത്. സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞ് 48 മണിക്കൂറിനുള്ളിലോ നാമനിർദേശ പത്രിക നൽകുന്നതിന് രണ്ടാഴ്ചമുമ്പോ ഏതാണോ ആദ്യം അതിനുമുമ്പ് വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന മുൻ ഉത്തരവ് കോടതി തിരുത്തി.