ന്യൂഡല്‍ഹി
സമുദ്ര സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തീവ്രവാദശക്തികളെ ചെറുക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. യുഎന്‍ രക്ഷാസമിതി യോഗത്തിൽ നടത്തിയ അധ്യക്ഷപ്രസംഗത്തിലാണ് സമുദ്രവ്യാപാരരംഗം സുരക്ഷിതമാക്കുന്നതിന് മോഡി ഇടപെടല്‍ ആവശ്യപ്പെട്ടത്.
കടല്‍ക്കൊള്ളക്കാരുടെ ആധിപത്യത്തിലുള്ള സമുദ്രപാതകള്‍ തിരിച്ചുപിടിക്കണമെന്നും മോഡി ആവശ്യപ്പെട്ടു. സമുദ്രസുരക്ഷയായിരുന്നു യോഗത്തില്‍ മുഖ്യ അജൻഡ. കടലാക്രമണങ്ങളും കുറ്റകൃത്യങ്ങളും കൈകാര്യം ചെയ്യാൻ യുഎന്നിൽ പ്രത്യേക സംവിധാനം രൂപീകരിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പറഞ്ഞു.
യുഎന്‍ രക്ഷാസമിതിയുടെ ആഗസ്ത് മാസത്തെ അധ്യക്ഷപദവിയില്‍ ഇന്ത്യയാണ്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സമിതിയുടെ അധ്യക്ഷനാകുന്നത്. ഇന്ത്യ അധ്യക്ഷപദവിയിലെത്തിയതിനു പിന്നാലെ, രക്ഷാസമിതിയില്‍ വീറ്റോ അധികാരത്തോടെ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യം വീണ്ടും ചര്‍ച്ച ആയിട്ടുണ്ട്. ഇന്ത്യയടക്കം പുതുതായി ഒരു രാജ്യത്തിനും വീറ്റോ അധികാരത്തോടെ സ്ഥിരാംഗത്വം നല്‍കുന്നതിനെ അനുകൂലിക്കില്ലെന്ന് അമേരിക്ക കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.