ന്യൂഡൽഹി
ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ വാർഷികത്തോട് അനുബന്ധിച്ച് സംയുക്ത കിസാൻ മോർച്ച ആഹ്വാനംചെയ്ത രാജ്യവ്യാപക പ്രതിഷേധപരിപാടികളിൽ ജനലക്ഷങ്ങൾ അണിനിരന്നു. ‘മോഡി സർക്കാരിനെ മാറ്റൂ, കോർപറേറ്റ് കൊള്ള അവസാനിപ്പിക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം. 25 സംസ്ഥാനത്തായി നൂറുകണക്കിനു ജില്ലയിൽ പ്രതിഷേധപരിപാടികൾ നടന്നു. മൂന്ന് കാർഷികനിയമവും വൈദ്യുതി ഭേദഗതി ബില്ലും പിൻവലിക്കുക, മിനിമം താങ്ങുവില നിയമപരമായി ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
കിസാൻസഭ, കർഷകത്തൊഴിലാളി യൂണിയൻ, സിഐടിയു, ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ പരിപാടികളിൽ വ്യാപകമായി അണിനിരന്നു.