ഡല്‍ഹി/ ജനീവ
ലോകം ആഭിമുഖീകരിക്കുന്നത് അതിതീവ്ര കാലാവസ്ഥാ പ്രതിസന്ധിയാണെന്ന് യുഎന്നിന്റെ പഠനം. 21-ാം- നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സമുദ്രനിരപ്പ് ഉയരുന്നത് എല്ലാക്കൊല്ലവും ആവര്‍ത്തിച്ചേക്കും.
യുഎന്നിന്റെ ഇന്റര്‍ ഗവണ്മെന്റല് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചസിന്റെ (ഐപിസിസി) റിപ്പോര്‍ട്ടില്ലാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. സാധാരണ നൂറ് വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിച്ചേക്കാവുന്നത് പ്രതിഭാസമാണിത്.ആഗോളതാപനം മൂലം അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവയെല്ലാം ചേരുന്ന ഇന്ത്യയുടെ സമുദ്രമേഖലയില്‍ താപനില വര്‍ധിക്കുന്നത് ആഗോള ശരാശരിയേക്കാള്‍ ഉയര്‍ന്ന തോതിലാണ്. ഉപഭൂഖണ്ഡത്തിലാകെ ഉഷ്ണം വർധിക്കും. പേമാരിയും ചുഴലിക്കാറ്റും ഉണ്ടാകാന്‍ സാധ്യതയേറെയാണെന്നും റിപ്പോർട്ടില്‍ പറയുന്നു.
170 വര്‍ഷത്തിലെ
ഏറ്റവും ചൂടുകൂടിയ
കാലം
നൂറ്റെഴുപത് വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടുകൂടിയ കാലത്തിലൂടെയാണ് ഭൂമി കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. അമേരിക്കയും ബ്രസീലും ഏറ്റവും സങ്കീര്‍ണമായ കാലാവസ്ഥാ പ്രതിസന്ധിയിലാണ്. മിക്ക രാജ്യത്തിലും പേമാരിയും വെള്ളപ്പൊക്കവും കൊടുംവരള്‍ച്ചയും നേരിടുകയാണ്. കാട്ടുതീ പല പ്രദേശത്തെയും വിഴങ്ങുന്നു. ഗ്രീസിലും അമേരിക്കയിലും അനുഭവപ്പെട്ട ഉഷ്ണവും ജർമനിയിലെയും ചൈനയിലെയും വെള്ളപ്പൊക്കവുമൊക്കെ ഉദാഹരണമാണ്. പ്രതിസന്ധികള്‍ വരുംകൊല്ലങ്ങളില്‍ വര്‍ധിക്കും.
പിന്നില്‍ നാംതന്നെ
മനുഷ്യ ഇടപെടലുകളാണ് കാലാവസ്ഥാ വ്യതിയാനത്തിന് മൂലകാരണം. ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് കുറയ്ക്കാനായാല്‍ ഇതുയർത്തുന്ന വെല്ലുവിളി ഒരുപരിധിവരെ ചെറുക്കാനായേക്കും. എന്നാലും ഇപ്പോഴുണ്ടായിട്ടുള്ള പല മാറ്റത്തില്‍നിന്നും പിന്നോട്ടുപോക്ക് സാധ്യമല്ല.
മുന്നറിയിപ്പ്
അവഗണിക്കരുത്
റിപ്പോർട്ട് മനുഷ്യരാശിക്കാകെയുള്ള ജാഗ്രതാ നിര്‍ദേശമാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ‘ഇപ്പോൾ മുതല്‍ ഒറ്റക്കെട്ടായി പ്രയത്നിച്ചാൽ വലിയ ദുരന്തം ഒഴിവാക്കാം. ഗ്ലാസ്ഗോയിൽ നടക്കാനിരിക്കുന്ന കാലാവസ്ഥാ ഉച്ചകോടി ഒരു വിജയമാകുമെന്ന് വിശ്വസിക്കുന്നു’ –- അദ്ദേഹം പറഞ്ഞു.
ഐപിസിസി റിപ്പോര്‍ട്ട്
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് 195 സർക്കാരുകളുമായി സഹകരിച്ച് 66 രാജ്യത്തുനിന്നുള്ള 234 ശാസ്ത്രജ്ഞരാണ് 42 പേജുള്ള പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മൂന്നു മാസത്തിനുശേഷം സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ COP26 എന്നപേരില്‍ കാലാവസ്ഥാ ഉച്ചകോടി നടക്കാനിരിക്കെയാണ് റിപ്പോർട്ട് പുറത്തിറക്കിയത്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചുള്ള ഏറ്റവും സമഗ്രമായ പഠനമാണ് ഇത്.