തിരുവനന്തപുരം
കർഷക പ്രക്ഷോഭം രാജ്യത്ത് പുതിയ രാഷ്ട്രീയ ധ്രുവീകരണം സൃഷ്ടിക്കുമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. കിസാൻ കോ–- ഓർഡിനേഷൻ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പാർലമെന്റ് മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ രാജ്ഭവന് മുന്നിൽ സംഘടിപ്പിച്ച കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാർഷിക മേഖലയ്ക്ക് അവസാന പരിഗണനയാണ് മോഡി സർക്കാർ നൽകുന്നത്. ബ്രിട്ടീഷ് ഭരണകാലത്തേക്കാൾ അരക്ഷിതാവസ്ഥയിലാണ് കർഷകർ. അസമത്വവും പട്ടിണിയും തൊഴിലില്ലായ്മയും വർധിച്ച കോവിഡ് കാലത്തും ജനങ്ങളെ കൂടുതൽ ദ്രോഹിക്കുകയാണ് കേന്ദ്രസർക്കാർ. ജനങ്ങളുടെ കൈയിൽ പണം എത്തിക്കുന്ന പാക്കേജുകൾ വേണമെന്ന് എല്ലാ സാമ്പത്തിക വിദഗ്ധരും പറയുന്നു. ഇതിനോട് മുഖം തിരിച്ചുനിൽക്കുകയാണ് കേന്ദ്രം.
ഭക്ഷ്യധാന്യ ഉൽപ്പാദനത്തിൽനിന്ന് പിന്തിരിയാനാണ് സർക്കാർ കർഷകരോട് ആവശ്യപ്പെടുന്നത്. കോർപറേറ്റുകൾ കാർഷികനയം ആവിഷ്കരിക്കുന്ന അവസ്ഥയാണ് ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.