കൊച്ചി
കോതമംഗലം നെല്ലിക്കുഴിയിൽ ഡെന്റൽ വിദ്യാർഥിനി മാനസയെ വെടിവച്ചുകൊന്ന് ജീവനൊടുക്കിയ രഖിലിന് തോക്ക് കൈമാറിയ പ്രതികളെ കൊച്ചിയിൽ എത്തിച്ചു. ബിഹാർ മുൻഗർ ജില്ലയിലെ പർസന്തോ സ്വദേശി സോനുകുമാർ (24), ഇടനിലക്കാരൻ ബർസാദ് സ്വദേശി മനീഷ്കുമാർ വർമ (24) എന്നിവരെയാണ് കൊച്ചിയിൽ എത്തിച്ചത്. ഞായറാഴ്ച വൈകിട്ട് ആറിനാണ് പൊലീസ് സംഘം പ്രതികളുമായി എത്തിയത്. കേസിൽ രണ്ടു പ്രതികൾകൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവർ രഖിലിനും അറസ്റ്റിലായ മറ്റു പ്രതികൾക്കുമൊപ്പം വാഹനത്തിൽ പോകുന്ന ചിത്രം പൊലീസിന് ലഭിച്ചു.
എറണാകുളം റൂറല് എസ്പിയുടെ ഓഫീസിലെത്തിച്ച പ്രതികളെ എസ്പി കെ കാര്ത്തിക്കിന്റെ നേതൃത്വത്തില് വിശദമായി ചോദ്യം ചെയ്യുകയാണ്. പ്രതികള് കുറ്റസമ്മതം നടത്തിയതായി എസ്പി കെ കാര്ത്തിക് മാധ്യമങ്ങളോട് പറഞ്ഞു. കൂടുതല് പ്രതികളുണ്ടോയെന്ന് ഇപ്പോള് പറയാനാകില്ല. വിശദ അന്വേഷണം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
സോനുകുമാറിന്റെ ഫോണിൽനിന്ന് ചില മലയാളികളുടെ ഫോൺനമ്പറുകൾ ലഭിച്ചിട്ടുണ്ട്. ഇവരും തോക്ക് വാങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കും. ആറ് മാസത്തിനിടെ പ്രതികളുടെ ഫോണില് ബന്ധപ്പെട്ടവരുടെ വിവരങ്ങള് ശേഖരിക്കാൻ നടപടി തുടങ്ങി. പ്രതികളെ തിങ്കളാഴ്ച കോതമംഗലം മജിസ്ട്രേട്ട് കോടതിയില് ഹാജരാക്കും. കസ്റ്റഡി അപേക്ഷയും നല്കും. ബിഹാറിൽ രഖിലിനെ തോക്ക് ഉപയോഗിക്കാൻ പരിശീലിപ്പിച്ചത് മനീഷ്കുമാറാണ്. ഉൾഗ്രാമത്തിൽ മനീഷ് ആയുധപരിശീലനം നൽകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ദൃശ്യങ്ങളിൽ കാണുന്ന തോക്ക് മാനസയെ കൊല്ലാൻ ഉപയോഗിച്ചതാണോ എന്നും പരിശോധിക്കും. മനീഷ്കുമാറിന്റെ മൊബൈൽഫോണിലാണ് ദൃശ്യങ്ങൾ കണ്ടെത്തിയത്.