തിരുവനന്തപുരം
വയനാട്ടിലെ ഏഴ് തദ്ദേശഭരണ പ്രദേശത്ത് 18നുമുകളിലുള്ള മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകി. വൈത്തിരി, തരിയോട്, പൊഴുതന, പുൽപ്പള്ളി, എടവക, നൂൽപ്പുഴ പഞ്ചായത്തുകളും കൽപ്പറ്റ നഗരസഭയിലുമാണ് എല്ലാവർക്കും ആദ്യ ഡോസ് നൽകിയത്. വയനാട്, കാസർകോട് ജില്ലകൾ 45ന് മുകളിലുള്ള മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകിയിരുന്നു.
വയനാട്ടിൽ ആദിവാസികൾ കൂടുതലുള്ള പുൽപ്പള്ളി, നൂൽപ്പുഴ, വൈത്തിരി പഞ്ചായത്തുകളിൽ മുഴുവൻപേരും ആദ്യ ഡോസ് വാക്സിനെടുത്തത് ആരോഗ്യമേഖലയുടെ വലിയ നേട്ടമാണ്. മാർച്ച് മിഷൻ, മോപ്പപ്പ് മെയ്, ഗോത്രരക്ഷ ജൂൺ തുടങ്ങിയ മിഷനുകൾ സംഘടിപ്പിച്ചാണ് വാക്സിനേഷൻ ആദ്യഘട്ട യജ്ഞം സാക്ഷാൽക്കരിച്ചത്. തോട്ടം മേഖലയിൽ തൊഴിൽ വകുപ്പുമായി സഹകരിച്ചാണ് ആദ്യ ഡോസ് കുത്തിവയ്പ് പൂർത്തിയാക്കിയത്.
എല്ലാവർക്കും വാക്സിൻ ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് പ്രക്രിയ പോലെയാണ് വാക്സിനേഷൻ നടത്തിയത്. വാക്സിൻ എടുക്കാത്തവരുടെ വീടുകളിലെത്തി സ്ലിപ്പ് നൽകി സ്കൂളുകളിലെത്തിച്ചു. ദുഷ്കരമായ പ്രദേശങ്ങളിൽ വാക്സിനേഷൻ ഉറപ്പാക്കാൻ 13 മൊബൈൽ സംഘത്തെ സജ്ജമാക്കി. ആദിവാസി ഊരുകൾ കേന്ദ്രീകരിച്ച് സംഘം പ്രത്യേക ദൗത്യത്തിലൂടെയാണ് വാക്സിൻ നൽകിയത്. പിന്തിരിഞ്ഞുനിന്നവരെ ബോധവൽക്കരിച്ചാണ് ആദ്യഘട്ട യജ്ഞം പൂർത്തിയാക്കിയത്. എല്ലാവർക്കും രണ്ടാം ഡോസ് വാക്സിൻ നൽകാനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
നൂൽപ്പുഴ ആദ്യ ‘വാക്സിനേറ്റഡ് ’ ട്രൈബൽ പഞ്ചായത്ത്
സംസ്ഥാനത്ത് വാക്സിൻ കുത്തിവെയ്പ് പൂർത്തിയാക്കുന്ന ആദ്യ ട്രൈബൽ പഞ്ചായത്തായി വയനാട് ജില്ലയിലെ നൂൽപ്പുഴയെ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഏറ്റവും കൂടുതൽ ആദിവാസി വിഭാഗക്കാർ താമസിക്കുന്ന രണ്ടാമത്തെ ഗ്രാമപഞ്ചായത്താണ് നൂൽപ്പുഴ. ആദിവാസികളുൾപ്പെടെ പതിനെട്ടിനുമേൽ പ്രായമുള്ള 22,616ൽ 21,964 പേരും ആദ്യ ഡോസ് സ്വീകരിച്ചു. പതിനെട്ടിനുമുകളിലുള്ള 7602 ആദിവാസി വിഭാഗക്കാരിൽ 7352 പേർ ആദ്യ ഡോസെടുത്തു.
6975 പേർക്കായി പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിലെത്താൻ കഴിയാത്തവർക്കും കിടപ്പ് രോഗികൾക്കും പട്ടികവർഗ വകുപ്പിന്റെ സഹായത്തോടെ കോളനികളിൽ നേരിട്ടെത്തി വാക്സിൻ നൽകി. ഗ്രാമപഞ്ചായത്ത് സമ്പൂർണ വാക്സിനേറ്റഡ് ആയി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി അഞ്ച് ദിവസം മോപ്പ്അപ്പ് ക്യാമ്പുകൾ സംഘടിപ്പിച്ചുവെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.