കോഴിക്കോട്
മുസ്ലിം ലീഗ് നേതൃത്വം മുഖപത്രമായ ‘ചന്ദ്രിക’ വഴി വൻ സാമ്പത്തിക വെട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ജീവനക്കാർ. ചന്ദ്രികക്കായി 2016–- 17ൽ പിരിച്ച 16.5 കോടി രൂപയും 2020ൽ പിരിച്ച കോടികളും കാണാനില്ലെന്ന് ലീഗ് നേതൃത്വത്തിന് നൽകിയ പരാതിയിൽ പറയുന്നു. അഴിമതി വിശദമാക്കി ചന്ദ്രികയിലെ പത്രപ്രവർത്തകരും ഇതരജീവനക്കാരും ചേർന്ന് ലീഗ് നേതൃത്വത്തിന് നൽകിയ പരാതിയിലാണ് വെട്ടിപ്പിന്റെ വിവരങ്ങൾ ഉള്ളത്.
ചന്ദ്രികയുമായി ബന്ധപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മുഈൻ അലി തങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് ജീവനക്കാരുടെ പരാതി. ഗൾഫിൽനിന്നും പിരിച്ച വലിയ സംഖ്യകൾ സ്ഥാപനത്തിൽ എത്തിയില്ലെന്നതടക്കം ഗുരുതരമായ ആരോപണങ്ങൾ പരാതിയിലുണ്ട്. പരാതിയിലെ പ്രസക്ത ഭാഗം: നോട്ടുനിരോധന കാലത്ത് 10 കോടിയിലധികം രൂപ ചന്ദ്രികയുടെ അക്കൗണ്ടിലേക്ക് ഫിനാൻസ് ഡയറക്ടർ നിക്ഷേപിച്ചു. പണത്തിന്റെ ഉറവിടം കാണിച്ച് രേഖകൾ നൽകാത്തതിനാൽ കോഴിക്കോട് യൂണിറ്റിൽ ജീവനക്കാരെ പുറത്താക്കി ആദായനികുതി റെയ്ഡ് നടത്തി. 2017 മുതൽ ജീവനക്കാരിൽനിന്നും പിരിച്ച തുക പിഎഫ് അക്കൗണ്ടിൽ അടച്ചിട്ടില്ല.
മാധ്യമ മേഖലയുമായി ബന്ധമില്ലാത്ത പി എം എ സമീർ ഫിനാൻസ് ഡയറക്ടറായതോടെ പത്രത്തിന്റെ അക്കൗണ്ടും ഫയൽ സിസ്റ്റവും പുറത്ത് സമാന്തര സംവിധാനത്തിലൂടെയാണ് കൈകാര്യം ചെയ്യുന്നത്. സർക്കുലേഷൻ വിഭാഗം അറിയാതെ വരിക്കാരെ ചേർത്ത് പണം പിരിച്ചെടുത്തു. ഇപ്പോൾ പരസ്യകുടിശ്ശിക പിരിക്കുന്നതും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്. പണമൊക്കെ ചന്ദ്രികയിലെത്തുന്നുണ്ടോയെന്ന് അന്വേഷിക്കണം. കെടുകാര്യസ്ഥതയും അഴിമതിയും സ്വജനപക്ഷപാതവും ചന്ദ്രികയെ നശിപ്പിക്കുകയാണെന്നും പരാതിയിൽ പറയുന്നു.
മുഈൻ അലിക്ക് പിന്തുണയുമായി കെ എം ഷാജി
പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശം ഉന്നയിച്ച മുഈൻ അലി തങ്ങൾക്ക് പരോക്ഷ പിന്തുണയുമായി മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. എതിരഭിപ്രായം പറയുന്നവർ സംഘശക്തിയിലെ ഗുണകാംക്ഷികളാണെന്ന് പറഞ്ഞാണ് ഷാജി മുഈൻ അലിയെ പിന്തുണച്ചത്. വിമർശനങ്ങളും വിയോജിപ്പുകളും ലീഗിലെ ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് ഷാജി ഫേസ്ബുക്കിൽ കുറിച്ചു. എതിരഭിപ്രായം പറയുന്നവരോട് പകയില്ല. ലീഗിൽ ഇപ്പോൾ പുറത്തുവരുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണെന്നും അദ്ദേഹം പറഞ്ഞു.