തൃശൂർ
ഡിജെ പാർടികളിലെത്തുന്ന പെൺകുട്ടികളുൾപ്പെടെ മയക്കാനും അതുവഴി ലൈംഗികചൂഷണത്തിനും ഉപയോഗിക്കുന്ന മെത്തഡിൻ ഗുളികകൾ കേരളത്തിലും. മണവും രുചിയുമില്ലാത്ത ഈ ഗുളികകൾ ജ്യൂസിൽ കലക്കി നൽകിയാണ് മയക്കുന്നത്. ബംഗളൂരുവിൽനിന്നാണ് ഇവയെത്തിക്കുന്നത്. തൃശൂരിലെയും എറണാകുളത്തെയും ‘ടാറ്റു’ചെയ്യുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് വിൽപ്പന. ലക്ഷങ്ങൾ വിലമതിക്കുന്ന മാരകമയക്കുമരുന്നുമായി തൃശൂരിൽ അറസ്റ്റിലായ യുവാവിലൂടെയാണ് വിവരം പുറത്തുവന്നത്. മാടക്കത്തറ വെള്ളാനിക്കര മൂലേക്കാട്ടിൽ വൈഷ്ണവാണ് (25) തൃശൂർ സിറ്റി പൊലീസിന്റെ പിടിയിലായത്. 50 ഗുളികയും ക്രിസ്റ്റൽ പാക്കറ്റും ഇയാളിൽനിന്ന് പിടികൂടി. കേരളത്തിൽ ആദ്യമായാണ് ഹാപ്പിനസ് പിൽസ് (ആനന്ദ ഗുളിക), പീപി, പാർട്ടി ഡ്രഗ് എന്നിങ്ങനെ അറിയപ്പെടുന്ന മയക്കുഗുളിക ഇത്രയുമധികം പിടികൂടുന്നത്. ബംഗളൂരുവിൽ ഇവ നിർമിക്കുന്ന കുക്കിങ് പ്ലേസുകളുണ്ട്. നൈജീരിയൻ സംഘമാണ് ഇതിന്റെ പിന്നിലെന്നാണ് സൂചന. 650 രൂപയുള്ള ഒരു ഗുളിക കേരളത്തിലെത്തുമ്പോൾ 5000 രൂപ ഈടാക്കും. ടാറ്റു ചെയ്യുന്ന സ്ഥാപനങ്ങളും ചില മാളുകളും കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്ന് വിൽക്കുന്നതായും പൊലീസിന് വിവരം ലഭിച്ചു. കോവിഡ് കാലത്ത് രഹസ്യകേന്ദ്രങ്ങളിൽ പാർടി നടക്കുന്നതായും വിവരമുണ്ട്. എവിടെയൊക്കെ വിറ്റുവെന്നും പെൺകുട്ടികൾ ഇതിൽ കുടുങ്ങിയിട്ടുണ്ടോയെന്നും അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഗുണ്ടാസംഘങ്ങൾ ദുരുപയോഗിക്കുന്ന മാനസിക രോഗത്തിനുള്ള മരുന്നിനേക്കാൾ കൊടും മാരകമാണ് മെത്തഡിൻ ഗുളികകൾ. ഇവയുടെ ഉപയോഗം വൃക്കയേയും ഹൃദയത്തേയും ബാധിക്കുമെന്നും മരണംവരെ സംഭവിക്കാമെന്നും വിദഗ്ധർ പറയുന്നു.
‘കൽക്കണ്ട’മല്ല;
വിഷംതന്നെ
ക്രിസ്റ്റൽ രൂപത്തിലുള്ള എംഡിഎംഎ (മെത്തലിൻ ഡയോക്സിൻ മെത്താഫെറ്റാമിൻ) യുവാക്കൾക്കിടയിൽ മെത്ത്, കല്ല്, പൊടി, കൽക്കണ്ടം എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. വായിലൂടെയും മൂക്കിലൂടെയും ഇഞ്ചക്ഷനായും ഉപയോഗിക്കുന്നു. അകത്തുചെന്നാൽ, അരമണിക്കൂറിനകം നാഡി വ്യവസ്ഥയെ ബാധിക്കും. എട്ടുമണിക്കൂർവരെ ലഹരി നീളും. മണമോ രുചിവ്യത്യാസമോ ഇല്ലാത്തതിനാൽ ഇരകൾക്ക് ജ്യൂസുകളിലും മദ്യത്തിലും ഗുളിക കലക്കി ആദ്യം നൽകും, പിന്നീടിതിന് അടിമയാവും.