തിരുവനന്തപുരം
വിനോദസഞ്ചാര വകുപ്പ് വെർച്വൽ ഓണാഘോഷം സംഘടിപ്പിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 14ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.
വിനോദസഞ്ചാര കേന്ദ്രങ്ങൾ, കലാ സാംസ്കാരിക തനിമകൾ, ഭക്ഷണ വൈവിധ്യം എന്നിവ പരിചയപ്പെടുത്തുന്ന പരിപാടികൾ ദൃശ്യ മാധ്യമങ്ങളുടെ സഹായത്തോടെ നടത്തും. ‘വിശ്വമാനവികതയുടെ ലോക ഓണപ്പൂക്കളം’ എന്നതാണ് ഓണാഘോഷത്തിന് മുന്നോട്ടുവയ്ക്കുന്ന ആശയം. ലോകത്തെവിടെയുമുള്ള മലയാളിക്ക് തങ്ങളുടെ ഓണപ്പൂക്കളം വിനോദസഞ്ചാര വകുപ്പിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ അപ്ലോഡ് ചെയ്യാം. കേരളത്തിലെയും വിദേശങ്ങളിലെയും പൂക്കളങ്ങൾക്ക് പ്രത്യേക സമ്മാനങ്ങൾ നൽകും. തിങ്കളാഴ്ചമുതൽ വിനോദസഞ്ചാര വകുപ്പിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
വിദേശത്തെ മലയാളി സംഘടനകളുമായി ഓണാഘോഷകാര്യങ്ങൾ ചർച്ച ചെയ്യുന്നു. ആഘോഷത്തിൽ പാരമ്പര്യകലകൾക്ക് പ്രാധാന്യം നൽകും. കലാകാരൻമാർക്കും അവസരമൊരുക്കും. അധികം അറിയപ്പെടാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉൾക്കൊള്ളിച്ച് ആപ് തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി വേണുവും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
നഷ്ടം 33,000 കോടി
കോവിഡ് മഹാമാരി വിനോദസഞ്ചാരമേഖലയ്ക്ക് വലിയ നഷ്ടമുണ്ടാക്കിയതായി മന്ത്രി പറഞ്ഞു. 2020 മാർച്ച് മുതൽ 2020 ഡിസംബർ വരെ 33,000 കോടി രൂപയുടെ നഷ്ടമുണ്ടായി. വിദേശനാണ്യത്തിൽ 7000 കോടിയുടെയും കുറവുണ്ടായി.