തിരുവനന്തപുരം
സ്റ്റാർട്ടപ്പുകൾക്ക് 10 കോടി രൂപവരെ വായ്പ നൽകുന്ന ‘കെഎഫ്സി സ്റ്റാർട്ടപ് കേരള’ പദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ. ആശയംമുതൽ പ്രോട്ടോടൈപ്പ് വികസനം, ഉൽപ്പന്ന പരീക്ഷണം, വിപണി പ്രവേശനം, വാണിജ്യവൽക്കരണം, സ്കെയിലിങ്വരെയുള്ള വളർച്ചയുടെ എല്ലാ ഘട്ടത്തിലും പിന്തുണയ്ക്കും. സ്റ്റാർട്ടപ്പുകൾക്ക് വാങ്ങൽ കരാർ നടപ്പാക്കാൻ വെഞ്ച്വർ ഡെറ്റ് ആയും വായ്പ നൽകും.
രജിസ്ട്രേഷനുള്ള സ്റ്റാർട്ടപ്പുകളുടെ തൊഴിലവസരമോ സമ്പത്തോ സൃഷ്ടിക്കുന്ന പദ്ധതിക്കാണ് വായ്പ. പണയമില്ലാതെ അഞ്ച് ശതമാനം പലിശ നിരക്കിലാണിത്. പരമാവധി 12 മാസത്തെ മൊറട്ടോറിയം ഉൾപ്പെടെ 60 മാസമാണ് തിരിച്ചടവ് കാലാവധി. വായ്പയ്ക്കായി www.kfc.org- ൽ അപേക്ഷിക്കണം. വിദഗ്ധ സമിതി അനുമതി നൽകും. സംരംഭകരെ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ നയമനുസരിച്ചാണ് പദ്ധതിയെന്ന് കെഎഫ്സി സിഎംഡി സഞ്ജയ് കൗൾ പറഞ്ഞു.
കേരളത്തിൽ 3900 സ്റ്റാർട്ടപ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2500 പുതിയ സ്റ്റാർട്ടപ് കൂടി ചേർക്കാനാണ് സർക്കാർ പദ്ധതി. പ്രാരംഭ ചെലവ്, നടപ്പാക്കുന്ന കാലയളവിലെ പലിശ തുടങ്ങിയവ പദ്ധതി ചെലവിൽ പരിഗണിക്കും. സ്റ്റാർട്ടപ്പുകൾക്ക് വാങ്ങൽ കരാർ ലഭിച്ചുകഴിഞ്ഞാൽ, അത് നടപ്പാക്കാൻ 10 കോടി രൂപവരെ വായ്പയ്ക്ക് അർഹതയുണ്ട്. സെബിയിൽ രജിസ്റ്റർ ചെയ്ത ഏതെങ്കിലും ഒരു വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിന്റെ പരിശോധനയ്ക്ക് വിധേയമായ സ്ഥാപനങ്ങൾക്ക് 10 കോടി രൂപയുടെ വെഞ്ച്വർ വായ്പയും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.