തിരുവനന്തപുരം
സൗരോർജ വൈദ്യുതി ഉൽപ്പാദനശേഷിയിൽ കേരളത്തിന്റെ കുതിപ്പ്. 310 മെഗാവാട്ട് ഉൽപ്പാദനശേഷി കൈവരിച്ചു. കോവിഡ് മഹാമാരിയിൽ രാജ്യത്ത് സൗരോർജ വൈദ്യുതി ഉൽപ്പാദനത്തിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാകാത്തപ്പോഴാണ് കേരളത്തിന്റെ ഈ നേട്ടം. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ ‘സൗര’ പദ്ധതി കുതിപ്പിന് കരുത്തായി.
പുരപ്പുറ സൗരോർജ നിലയങ്ങൾ, ഭൗമോപരിതലത്തിലെ സൗരനിലയം, ഫ്ളോട്ടിങ് സോളാർ, സോളാർ പാർക്കുകൾ എന്നിവയിലൂടെയാണ് ഉൽപ്പാദനശേഷി ഉയർത്തിയത്. പുരപ്പുറ ഉൽപ്പാദനശേഷി 142 മെഗാവാട്ടായി. സൗരോർജ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള നടപടികളാണ് സർക്കാരിന്റേത്. ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയോടെ സൗരോർജനിലയം സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പദ്ധതി നടപ്പാക്കാൻ ആദ്യം കണ്ടെത്തിയ മൂന്ന് കമ്പനിക്ക് പുറമേ ആറ് സ്ഥാപനം ഉൾപ്പെടുത്തി. മൂന്ന് കിലോവാട്ടിന് മുകളിലുള്ള നിലയം സ്ഥാപിക്കാനുള്ള അപേക്ഷകളിൽ കമ്പനികളെ എംപാനൽ ചെയ്തു. മൂന്ന് കിലോവാട്ട് വരെയുള്ള നിലയങ്ങൾക്കുള്ള കമ്പനികളെ കണ്ടെത്താൻ നടപടി തുടങ്ങി.
മൂന്ന് കിലോവാട്ട് വരെയുള്ളതിന് 40 ശതമാനവും മൂന്നുമുതൽ 10 കിലോവാട്ട് വരെ 20 ശതമാനവുമാണ് സബ്സിഡി. കർഷകർക്ക് തരിശ് ഭൂമിയിൽ സൗരോർജനിലയം സ്ഥാപിച്ച് വൈദ്യുതോൽപ്പാദനത്തിലൂടെ വരുമാനം ലഭ്യമാക്കുന്ന പിഎം കുസും പദ്ധതി രജിസ്ട്രേഷനും ആരംഭിച്ചു. വിവരങ്ങൾ കെഎസ്ഇബി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 1912ൽ വിളിച്ചാലും അറിയാം.
ജലസംഭരണികളിൽ കൂടുതൽ ഫ്ളോട്ടിങ് സോളാർ നിലയങ്ങൾ സജ്ജീകരിക്കാനുള്ള പ്രവൃത്തികൾ പുരോഗതിയിലാണ്. കായംകുളത്ത് എൻടിപിസി സഹകരണത്തോടെ 92 മെഗാവാട്ടിന്റെ ഫ്ളോട്ടിങ് സോളാർനിലയ നിർമാണം അന്തിമഘട്ടത്തിലാണ്. വെസ്റ്റ് കല്ലടയിൽ 50 മെഗാവാട്ട് നിലയത്തിന്റെ പ്രാരംഭ പ്രവർത്തനം തുടങ്ങി.1000 മെഗാവാട്ടാണ് സൗരപദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം.
അതിർത്തി കടന്നും വരും
കുറഞ്ഞ നിരക്കിൽ സൗരവൈദ്യുതി പുറത്തുനിന്ന് വാങ്ങാനും കേരളം. 200 മെഗാവാട്ട് എത്തിക്കാനുള്ള കരാറിന് അന്തിമ രൂപരേഖയായി. ടാറ്റ പവറിൽനിന്ന് 110 മെഗവാട്ടും എൻടിപിസിയിൽനിന്ന് 90 മെഗാവാട്ടുമാണ് വാങ്ങുന്നത്. യൂണിറ്റിന് 2.97 രൂപയാണ് നിരക്ക്. 2023 ജൂണിനുള്ളിൽ പ്രവർത്തനം ആരംഭിക്കുന്ന സൗരോർജനിലയങ്ങളിൽനിന്ന് വൈദ്യുതി കൊണ്ടുവരാൻ പ്രസരണനിരക്ക് ഈടാക്കില്ലെന്ന കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ നിലപാട് ഗുണകരമാകുമെന്ന കണക്കുകൂട്ടലിന്റെകൂടി അടിസ്ഥാനത്തിലാണ് നീക്കം.