ന്യൂഡൽഹി
കോവാക്സിന്,- കോവിഷീല്ഡ് വാക്സിനുകളുടെ മിശ്രിത പരീക്ഷണം മികച്ച ഫലം നൽകുന്നെന്ന് ഇന്ത്യന് കൗണ്സില് ഓഫ് മെഡിക്കല് റിസര്ച്ച് (ഐസിഎംആര്) പഠനം. ഉത്തര്പ്രദേശില് അബദ്ധത്തില് രണ്ട് വാക്സിൻ മാറി കുത്തിവച്ച 18 പേരില് നടത്തിയ പഠനത്തിലാണ് സുപ്രധാന കണ്ടെത്തൽ. ആദ്യഡോസ് കോവിഷീൽഡും രണ്ടാംഡോസ് കോവാക്സിനും സ്വീകരിച്ചവരിലാണ് പഠനം നടന്നത്.
ഇതിലൂടെ ഒറ്റവാക്സിൻ നൽകുന്നതിനേക്കാൾ പ്രതിരോധശേഷി കൈവരിക്കാനാകുമെന്നും ഐസിഎംആർ പറയുന്നു. വിവിധ പ്രായത്തിലുള്ള 98 പേരിലാണ് പഠനം നടന്നത്. ഇതിൽ രണ്ട് വാക്സിൻ മാറി കുത്തിവച്ച 18 പേർക്ക് മറ്റുള്ളവരേക്കാൾ പ്രതിരോധശേഷി കൈവരിക്കാനായി. 2021 മെയ് മുതൽ ജൂൺവരെയായിരുന്നു പഠനം. ആല്ഫ, ബീറ്റ, ഡെല്റ്റ വകഭേദങ്ങള്ക്കെതിരെ രണ്ട് വ്യത്യസ്ത വാക്സിന്റെ ഡോസുകള് ലഭിച്ചവര്ക്ക് പ്രതിരോധശക്തി കൂടുതലാണെന്നും കണ്ടെത്തി. ഇത് കോവിഡ് പ്രതിരോധം കുറേക്കൂടി ശക്തമാക്കാനും വാക്സിൻക്ഷാമം പരിഹരിക്കാനും സഹായിക്കും. അതേസമയം, കൂടുതൽ പരീക്ഷണങ്ങൾക്ക് ശേഷമേ ഇത് നടപ്പാക്കാനാകൂയെന്നും സര്ക്കാര് ഔദ്യോഗിക നിര്ദേശം നല്കുന്നതുവരെ രണ്ട് വാക്സിന്റെ ഡോസുകള് ഇടകലർത്തി സ്വീകരിക്കരുതെന്നും ഐസിഎംആർ പറയുന്നു. വാക്സിനുകളുടെ മിശ്രിത പരീക്ഷണത്തിന് കഴിഞ്ഞമാസം ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യ അനുമതി നൽകിയിരുന്നു.