ക്വെറ്റ
മതേതര ദേശീയവാദിയായ രാഷ്ട്രീയനേതാവിനെ തട്ടിക്കൊണ്ടുപോയി കൊന്ന അഞ്ചുപേരെ വധിച്ച് പാക് തീവ്രവാദ വിരുദ്ധ സേന. ജൂൺ അവസാനം ക്വെറ്റയിൽനിന്ന് തട്ടിക്കൊണ്ടുപോയ അവാമി നാഷണൽ പാർടി നേതാവ് മാലിക് ഉബൈദുള്ള കാസിയെ വ്യാഴാഴ്ച പിഷിൻ ജില്ലയിലെ അഫ്ഗാൻ അഭയാർഥി ക്യാമ്പിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട അഞ്ചുപേരാണ് ശനിയാഴ്ച തീവ്രവാദ വിരുദ്ധ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇവരുടെ ഒളിത്താവളത്തിൽനിന്ന് യന്ത്രത്തോക്കുകൾ, ഗ്രനേഡുകൾ, തോക്കുകൾ എന്നിവ കണ്ടെടുത്തു. കേസിൽ ഒരാൾ നേരത്തെ അറസ്റ്റിലായിരുന്നു.
3 ഭീകരർ കൊല്ലപ്പെട്ടു
പാകിസ്ഥാനിലെ ലാഹോറിൽ ഭീകരവിരുദ്ധ സേന മൂന്ന് ഭീകരരെ വധിച്ചു. പാക് താലിബാൻകാരാണ് കൊല്ലപ്പെട്ടത്. ഫിറോസ്വാലയിലെ വാടകവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവർ ഞായറാഴ്ച ഷിയ റാലികൾക്കും സുരക്ഷാസേനയ്ക്കുമെതിരെ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു.