ബാഴ്സലോണ > ബാഴ്സലോണയുടെയും ഫുട്ബോൾ ആരാധകരുടെയും നെഞ്ചിൽ വേദന ബാക്കിയാക്കി ലയണൽ മെസി നൗകാമ്പിന്റെ പടിയിറങ്ങി. ക്ലബ് ആസ്ഥാനത്ത് ബാഴ്സയോടൊപ്പം നേടിയ ട്രോഫികൾ പ്രദർശിപ്പിച്ചിരുന്നതിന് സമീപം നടന്ന യാത്രയയപ്പ് പത്രസമ്മേളനത്തിൽ നിറകണ്ണുകളോടെയാണ് മെസി സംസാരിച്ചത്.
ബാഴ്സ വിട്ടുപോകുകയെന്നത് വലിയ ബുദ്ധിമുട്ടാണ്. ബാഴ്സ വിടുകയൊന്നാൽ ജീവിതം വീണ്ടും തുടങ്ങുകയെന്നാണ്. മാനസികമായി ഇനിയും അതിന് തയ്യാറായിട്ടില്ല. എന്റെ ജീവിതം ഇവിടെയായിരുന്നു. 13 വയസിൽ എത്തിയതുമുതൽ കഴിഞ്ഞ 21 വർഷം. നിരവധി മനോഹരമായ ഓർമകൾ ബാഴ്സ എനിക്ക് തന്നു. ഇങ്ങനെയൊരു ദിവസമുണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ക്ലബ് വിട്ടുപോകുന്നതിനെ കുറിച്ച് ഒരിക്കലും ആലോചിച്ചിരുന്നില്ല. ക്ലബിന്റെ നല്ലതിനായി എല്ലാം ചെയ്യും. ഇവിടെ മടങ്ങിയെത്താൻ എപ്പോഴും ഞാൻ ശ്രമിച്ചുകൊണ്ടിരിക്കും. ബാഴ്സലോണ തന്ന സ്നേഹത്തിന് എല്ലാവരോടും നന്ദി. ബാഴ്സയെ ഒരുപാട് സ്നേഹിക്കുന്നതായും മെസി പറഞ്ഞു. വാർത്താസമ്മേളനത്തിനിടെ മെസി പൊട്ടിക്കരഞ്ഞു.
എന്നെ നിലനിർത്താൻ സാധ്യമായതെല്ലാം ക്ലബ് ചെയ്തു. ലാലിഗയുടെ സാമ്പത്തിക നിയന്ത്രണങ്ങളാണ് എതിരായത്. അടുത്ത സീസൺ മുതൽ ഏത് ക്ലബിൽ കളിക്കണമെന്ന് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഒരു ക്ലബുമായും ധാരണയുമായിട്ടില്ല. ഒരുപാട് ക്ലബുകൾ താൽപര്യമറിയിച്ചിട്ടുണ്ട്. ചർച്ചകൾ നടക്കുകയാണെന്നും മെസി പറഞ്ഞു. വാർത്താസമ്മേളത്തിൽ ഭാര്യ ആന്റണെല്ല റോക്കുസിയും മക്കളും സന്നിഹിതരായിരുന്നു.
സൂപ്പർ താരം ലയണൽ മെസിയുമായുള്ള കരാർ പുതുക്കുന്നില്ലെന്ന് ബാഴ്സലോണ വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്.അതിന് പിന്നലെ മുൻ ബാഴ്സ സഹതാരം നെയ്മർ കളിക്കുന്ന ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. കരാർ പുതുക്കാനാവിലെന്ന് ക്ലബ് പ്രഖ്യപിച്ചതിന് ശേഷം ആദ്യമായാണ് മെസി മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്. ബാഴ്സയുടെ മോശം സാമ്പത്തിക സ്ഥിതിയും ലാലിഗയുടെ സാമ്പത്തിക നിയന്ത്രണങ്ങളുമാണ് 21 വർഷം നീണ്ട മെസി – ബാഴ്സ വൈകാരിക ബന്ധത്തിന് അവസാനമിട്ടത്.
മെസി ബാഴ്സയിൽ തന്നെ തുടരുമെന്നും അതിനായി പ്രതിഫലം പകുതിയോളം കുറച്ചതായും വാർത്തകളുണ്ടായിരുന്നു. ലാ മാസിയയിലൂടെ വളർന്ന മെസിയ്ക്ക് ബാഴ്സയിൽ തന്നെ തുടരാനാണ് ആഗ്രഹമെന്നും അതിനായി ക്ലബ് ശ്രമിക്കുമെന്നും ക്ലബ് പ്രസിഡന്റ് യുവാന് ലാപ്പോര്ട്ട പറഞ്ഞിരുന്നു. ഇതിനെല്ലാം പിന്നാലെ അപ്രതീക്ഷിതമായാണ് താരത്തെ നിലനിർത്തില്ലെന്ന് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബാഴ്സലോണയ്ക്കായി 778 കളികളിൽ നിന്നായി 672 ഗോളുകൾ മെസി നേടിയിട്ടുണ്ട്. 268 അസിസ്റ്റുകളും നടത്തി. 35 കിരീടനേട്ടങ്ങളിൽ ബാഴ്സയ്ക്കൊപ്പമുണ്ടായിരുന്ന മെസി 6 തവണ ബലോൻ ദി ഓർ പുരസ്കാരവും 6 തവണ ഗോൾഡൻ ബൂട്ടും 8 തവണ ലാലിഗയിലെ ടോപ് സ്കോറർക്കുള്ള പിച്ചിച്ചി ട്രോഫിയും കരസ്ഥമാക്കിയിട്ടുണ്ട്.
When Messi cries, we all cry.
Big hug. ❤️ u Leo. pic.twitter.com/wAHhzWrkP3
— FC Barcelona (@FCBarcelona) August 8, 2021