ആലപ്പുഴ: തനിക്കെതിരായ പാർട്ടി അന്വേഷണത്തിൽ കവിതയിലൂടെ മറുപടി നൽകി മുൻ മന്ത്രിയും സിപിഎം നേതാവുമായി ജി.സുധാകരൻ. ഒരു വാരികയിൽ പ്രസിദ്ധീകരിച്ച നേട്ടവും കോട്ടവും എന്ന കവിതയിലാണ് സുധാകരന്റെ മറുപടി. ഒരു തരത്തിലും നന്ദി കിട്ടാത്ത പണികളാണ് ചെയ്തതതെന്നും നവാഗതർക്കായി വഴിമാറുന്നെന്നും സുധാകരൻ കവിതയിലൂടെ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രവർത്തന വീഴ്ചയിൽ സുധാകരനെതിരെ പാർട്ടി അന്വേഷണം നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ കവിത.
കവിത എന്റെ ഹൃദയാന്തരങ്ങളിൽ മുളകൾ പൊട്ടുന്നു കാലദേശാതീതയായ്, വളവും ഇട്ടില്ല വെള്ളവും ചാർത്തിയില്ലവഗണനയിൽ മുകളം കൊഴിഞ്ഞുപോയ് എന്ന വരിയിൽ തുടങ്ങുന്ന കവിതയുടെ നാലാം ഖണ്ഡികയാണ് രാഷ്ട്രീയ മറുപടിയായി വ്യാഖ്യാനിക്കുന്നത്.
ഒരു തരത്തിലും നന്ദി കിട്ടാത്തൊരാ പണികളൊക്കെ നടത്തി ഞാനെന്റെയീ മഹിത ജീവിതം സാമൂഹ്യമായെന്നും പറയും സ്നേഹിതർ സത്യമെങ്കിലും വഴുതി മാറും. മഹാനിമിഷങ്ങളിൽ മഹിത സ്വപ്നങ്ങൾ മാഞ്ഞു മറഞ്ഞുപോയ് അവകളൊന്നുമേ തിരികെ വരാനില്ല പുതിയ രൂപത്തിൽ വന്നാൽ വന്നെന്നുമാം! സുധാകരൻ കുറിച്ചു.
തന്റെ ഇത്രയും കാല രാഷ്ട്രീയ ജീവിതം നന്ദി കെട്ടതായി പോയെന്ന് സുധാകൻ കവിതയിലൂടെ വ്യക്തമാക്കുന്നത്. ആകാംക്ഷ ഭരിതരായ നവാഗതർക്ക് വഴി മാറുന്നെന്ന സൂചനയും നൽകി കൊണ്ടാണ് സുധാകരൻ കവിത അവസാനിപ്പിക്കുന്നത്.