കൽപ്പറ്റ: കേരളത്തിൽ വാക്സിനേഷൻ പൂർത്തിയാക്കുന്ന ആദ്യത്തെ ട്രൈബൽ പഞ്ചായത്തായി വയനാട് ജില്ലയിലെ നൂൽപുഴ പഞ്ചായത്ത്. ആദിവാസികൾ ഉൾപ്പെടെ പഞ്ചായത്തിൽ 18 വയസ്സിന് മുകളിൽ പ്രായമുള്ള 22,616 പേരാണുള്ളത്. ഇതിൽ 21,964 പേരാണ് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ ആദിവാസി വിഭാഗക്കാർ താമസിക്കുന്ന രണ്ടാമത്തെ ഗ്രാമപഞ്ചായത്താണ് നൂൽപ്പുഴ. 18 വയസ്സിന് മുകളിൽ പ്രായമുള്ള 7602 ആദിവാസി വിഭാഗക്കാരാണ് ഇവിടെയുള്ളത്. ഇതിൽ 7352 പേരാണ് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്. 6975 പേർക്ക് പ്രത്യേക ട്രൈബൽ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചാണ് വാക്സിൻ നൽകിയത്. മൂന്നുമാസത്തിനുള്ളിൽ കൊവിഡ് പോസിറ്റീവ് ആയവർ, പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവർ തുടങ്ങിയവർ മാത്രമാണ് വാക്സിൻ സ്വീകരിക്കാത്തത്.
പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള അഞ്ച് സ്കൂളുകളിലാണ് ക്യാമ്പ് നടത്തിയത്. ട്രൈബൽ വകുപ്പിന്റെ നേതൃത്വത്തിൽ വാഹനങ്ങളിലാണ് ഇവരെ ക്യാമ്പുകളിൽ എത്തിച്ചത്. ഇതിന് പുറമേ ക്യാമ്പിലെത്തി വാക്സിൻ സ്വീകരിക്കാൻ സാധിക്കാത്തവർക്കും, കിടപ്പ് രോഗികൾക്കും ട്രൈബൽ വകുപ്പിന്റെ സഹായത്തോടെ കോളനികളിൽ നേരിട്ടെത്തിയാണ് വാക്സിൻ നൽകിയത്.
കോളനികളിൽ ആധാർ കാർഡ്, വോട്ടർ ഐ.ഡി, ഫോൺ നമ്പർ എന്നിങ്ങനെ ഒരു രേഖയുമില്ലാതെ താമസിക്കുന്നവർക്കായി കോവിൻ ആപ്പിൽ പ്രത്യേക സജ്ജീകരണം ഒരുക്കുകയും കോളനിയിലെ തന്നെ ഒരു വ്യക്തിയുടെ റഫറൻസ് ഐ.ഡി ഉപയോഗിച്ച് വാക്സിൻ ലഭ്യമാക്കുകയും ചെയ്തു.
ഗ്രാമ പഞ്ചായത്ത് സമ്പൂർണ വാക്സിനേറ്റഡ് ആയി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി അഞ്ച് ദിവസങ്ങളിൽ മോപ്പ് – അപ്പ് ക്യാമ്പുകളും സംഘടിപ്പിച്ചു. ആർ.ആർ.ടി അംഗങ്ങളുടെയും, ആരോഗ്യ വകുപ്പിന്റെയും സഹായത്തോടെ വാർഡ് അടിസ്ഥാനത്തിലാണ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചത്.
Content Highlights: Noolpuzha panchayat becomes the first panchayat to complete vaccination in kerala