നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ മികച്ച വിജയത്തിൽ കേരള ഘടകത്തെ കേന്ദ്ര കമ്മിറ്റി പ്രശംസിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന ഘടകം സ്വീകരിച്ച പ്രവർത്തനങ്ങൾ മാതൃകാപരമാണ്. ഭരണനേട്ടങ്ങൾ തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമായി. കേരളാ കോൺഗ്രസ് (എം) എൽഡിഎഫിലേക്ക് എത്തിയത് നേട്ടമായി. മുതിർന്ന നേതാക്കൾക്ക് സീറ്റ് നൽകാതിരുന്നത് വരുംകാല സാഹചര്യങ്ങൾ മുന്നിൽ കണ്ടാണെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി.
തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും ഒത്തുകളിക്കാൻ ശ്രമം നടത്തിയെങ്കിലും ആ നീക്കത്തെ അതിജീവിക്കാൻ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞുവെന്നും സിപിഎം കേന്ദ്ര കമ്മിറ്റി യോഗം വ്യക്തമാക്കി. അതേസമയം, പശ്ചിമ ബംഗാളിലുണ്ടായ കനത്ത തിരിച്ചടിയിൽ വിമർശനമുണ്ടായി. സംഘടനാപരമായ തിരിച്ചടിയുണ്ടായെന്നും കേന്ദ്ര കമ്മിറ്റി പറഞ്ഞു.
സംസ്ഥാനത്ത് ഇടതു സർക്കാർ അധികാര തുടർച്ച നേടിയ സാഹചര്യത്തിൽ കൂടിയാണ് കേരളത്തിൽ സമ്മേളനം നടത്താനുള്ള തീരുമാനം ഉണ്ടായത്. പാർട്ടി കോൺഗ്രസിന് വേദിയാകാൻ കേരളത്തിന് പുറമെ തമിഴ്നാടും പരിഗണനയിലുണ്ടായിരുന്നു. 2012ലാണ് അവസാനമായി കേരളത്തിൽ സിപിഎം പാർട്ടി കോൺഗ്രസ് നടന്നത്. കോഴിക്കോട് വെച്ചായിരുന്നു അന്ന് പാര്‍ട്ടി കോണ്‍ഗ്രസ്.