ആലപ്പുഴ > ഈ ഭാഗ്യഭൂവിലേക്ക് മമ്മൂട്ടി വരുമോ? ചേർത്തല കാത്തിരിക്കുന്നു. 50 വർഷം മുമ്പ് വൈക്കത്തിനുത്ത് ചെമ്പിൽ നിന്ന് സിനിമയിൽ അഭിനയിക്കാൻ അവസരം ചോദിച്ചു വന്ന ചെറുപ്പക്കാരന്റെ സുവർണ്ണ നേട്ടങ്ങളുടെ തുടക്കം ചേർത്തല കവളങ്കോടം ശക്തീശ്വരം ക്ഷേത്രത്തിനടുത്തു നിന്നായിരുന്നു. അവിടെയുണ്ടായിരുന്ന സിഎംഎസ് കയർ ഫാക്ടറിക്കു സമീപമായിരുന്നു ലൊക്കേഷൻ.
അന്നത്തെ ഹിറ്റ് സിനിമയുടെ സംവിധായകൻ കെ എസ് സേതുമാധവനോട് അവസരം ചോദിക്കാൻ മമ്മൂട്ടി കാത്തുനിന്നത് ഈ കയർ ഫാക്ടറിക്കു മുമ്പിൽ. അന്ന് ‘അനുഭവങ്ങൾ പാളിച്ചകളി’ലെ രംഗത്തിൽ തുടങ്ങിയ ഓട്ടം പിന്നീട് മമ്മൂട്ടി നിർത്തിയിട്ടില്ല; സേതുമാധവന്റെ സ്റ്റാർട്ടിൽ തുടങ്ങി, എല്ലാവരെയും പിന്നിലാക്കിയ ആ ദീർഘദൂര ഓട്ടത്തിന് ഫിനിഷിങ്ങില്ല. മെല്ലി ഇറാനിയാണ് രംഗം കാമറയിൽ പകർത്തിയത്. തീവ്ര പ്രകാശമുള്ള ലൈറ്റിനു മുന്നിലൂടെയായിരുന്നു ബഹദൂർ അവതരിപ്പിച്ച ഹംസ എന്ന കഥാപാത്രത്തിനൊപ്പം മമ്മൂട്ടിയുടെ ഓട്ടം. അപ്പോഴൊക്കെ മമ്മൂട്ടിയുടെ കണ്ണ് അടഞ്ഞുപോയെന്ന് അന്ന് സിനിമയിൽ ഒപ്പം അഭിനയിച്ച നടൻ പുന്നപ്ര അപ്പച്ചൻ ഓർക്കുന്നു. ‘ഞാൻ ഒന്നുകൂടി ഓടാം സർ’ എന്നു പറഞ്ഞ് മമ്മൂട്ടി തന്നെയാണ് ഓരോ തവണയും വീണ്ടും ഓടാൻ സന്നദ്ധനായത്. തൊഴിലാളി നേതാവിന്റെ റോളായിരുന്നു പുന്നപ്ര അപ്പച്ചന്.
വെള്ളിത്തിരയിൽ മമ്മുട്ടിക്ക് 50 വയസ്
തന്റെ ‘ചമയങ്ങളില്ലാതെ’ എന്ന പുസ്തകത്തിൽ ആ ദിവസത്തെപ്പറ്റി മമ്മൂട്ടി ഓർമ്മിക്കുന്നത് ഇങ്ങനെയാണ്: രണ്ടാം ദിവസം ഉച്ചയ്ക്കുശേഷം സംവിധായകൻ എന്നെ വിളിച്ചു. ‘ഒന്നു രണ്ടു ചെറിയ ഷോട്ടുകളിൽ അഭിനയിക്കണം’. ഷോട്ട് റെഡിയാകാൻ അൽപസമയമെടുക്കും. ഞാൻ മെല്ലെ ഫാക്ടറിക്കകത്തു ചെന്നു. ഒരൊഴിഞ്ഞ മൂലയിൽ ചാക്കിനു മീതെ സത്യൻ കൂർക്കം വലിച്ചുറങ്ങുന്നു. ഒരു നിമിഷം ഞാനതു നോക്കി നിന്നു. കാലിൽ തൊട്ടു വണങ്ങി. ആരും അതു കണ്ടില്ല. സത്യൻ സാർ പോലും അറിഞ്ഞില്ല.
ശ്രീനാരായണ ഗുരു കണ്ണാടി പ്രതിഷ്ഠിച്ച ക്ഷേത്രമാണ് കയർ ഫാക്ടറിക്ക് സമീപമുള്ള കവളങ്കോടം. ഗുരുവിനെപ്പറ്റി ‘യുഗപുരുഷൻ’ എന്ന സിനിമ ചിത്രീകരിച്ചപ്പോൾ അതിൽ കെ സി കുട്ടൻ എന്ന കഥാപാത്രമായി അഭിനയിക്കാൻ മമ്മൂട്ടി ഇവിടെ വന്നിരുന്നു. അമ്മ വഴിയും മമ്മൂട്ടിക്ക് ചേർത്തല ബന്ധമുണ്ട്. ചന്തിരൂരാണ് അമ്മ വീട്. സി എം എസ് കയർ ഫാക്ടറി ഇന്നില്ല. ഏതാനും വർഷം മുമ്പ് പൊളിച്ചു. പക്ഷെ ആ സിനിമയുടെ ഷൂട്ടിങ്ങ് കാണാൻ ഇവിടെ കൗതുകത്തോടെ എത്തിയവർ ഇവിടെ ജീവിച്ചിരിപ്പുണ്ട്. സിനിമയിൽ ബഹൂദൂറിന്റെ കട തല്ലിപ്പൊളിച്ചപ്പോൾ ഭരണിയിൽ നിന്ന് മിഠായി പെറുക്കി തിന്നവർ പോലും.