കോഴിക്കോട്: രാമനാട്ടുകര സ്വർണക്കടത്ത് കേസ് അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന. ലോറിയിടിച്ച് കൊലപ്പെടുത്താനായിരുന്നു നീക്കം. കേസിൽ അറസ്റ്റിലായറിയാസിന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് ഈ ഞെട്ടിക്കുന്ന വിവരം പോലീസിന് ലഭിച്ചത്.
രേഖകളില്ലാത്ത ലോറി കൊണ്ട് ഇടിച്ചു കൊലപ്പെടുത്താനായിരുന്നു നീക്കം. ഇതിന് മറ്റുള്ളവരെല്ലാവരും തയ്യാറാവുക എന്നൊരു മെസേജ് റിയാസിന്റെ ഫോണിൽനിന്ന് സൈബർ പോലീസ് കണ്ടെടുത്ത് അന്വേഷണ സംഘത്തിന് കൈമാറി. ഇക്കാര്യത്തിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. കൊടുവള്ളി, താമരശ്ശേരി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.
സംഭവത്തിൽ റിയാസിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകൾ ഉണ്ടെന്നാണ് പോലീസ് റിയാസിനെ ചോദ്യം ചെയ്തതിൽനിന്ന് വ്യക്തമായിട്ടുള്ളത്. താമരശ്ശേരി, കൊടുവള്ളി മേഖലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. രണ്ടിലേറെ ആളുകൾ ഗൂഢാലോചനയിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം. കുറച്ചുദിവസം മുൻപ് അന്വേഷണസംഘത്തിൽ ഉൾപ്പെട്ട സുരേഷ് എന്ന എസ്.ഐയുടെ വീട്ടുകാരെ ഉപദ്രവിക്കും കുട്ടിയെ തട്ടിക്കൊണ്ടുപോകും എന്നൊരു ഭീഷണിസന്ദേശം ലഭിച്ചിരുന്നെന്നാണ് വിവരം.
content highlights:conspiracy to kill ramanattukara gold smugglng case enquiry team officials