കോഴിക്കോട്: മുസ്ലിം ലീഗ് പാർട്ടിയിൽ ഗുണപരമല്ലാത്തത് ഒന്നും നടക്കുന്നില്ലെന്ന് എം.കെ. മുനീർ എം.എൽ.എ. ഈ ചർച്ചകൾ പാർട്ടിയെ കൂടുതൽ ഗുണകരമാക്കും. ചർച്ചകൾ ഓരോ പാർട്ടിയെയും കൂടുതൽ സമ്പന്നമാക്കുകയേ ഉള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും മുനീർ പറഞ്ഞു.
ഉന്നതാധികാര സമിതിയിൽ കുഞ്ഞാലിക്കുട്ടി ഒറ്റപ്പെട്ടു എന്ന റിപ്പോർട്ടുകളെ കുറിച്ച് ചോദിച്ചപ്പോൾ- ഒരു ബോഡിക്കകത്ത് പലരും പലതരത്തിലുള്ള അഭിപ്രായങ്ങൾ പറഞ്ഞുകഴിഞ്ഞാൽ അവസാനം എടുക്കുന്ന തീരുമാനം കൂട്ടായതീരുമാനമാണ്- എന്നായിരുന്നു മുനീറിന്റെ മറുപടി.
ഉന്നതാധികാര സമിതിയേക്കാൾ പ്രാധാന്യമുള്ളത് പ്രവർത്തക സമിതിക്കാണ്. 14-ാം തിയതി പ്രവർത്തക സമിതി ചേരും. ഈ സമിതിയിലേക്കുള്ള അജണ്ട നിശ്ചയിക്കുന്നതിനും ഭാവിയിൽ പാർട്ടി എങ്ങനെ മുന്നോട്ടു പോകണം എന്ന് തീരുമാനിക്കുന്നതിനും വേണ്ടിയാണ് സമിതി ചേർന്നത്. അന്തിമമായി തീരുമാനം എടുക്കുന്നത് പ്രവർത്തക സമിതിയാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗിന്റേത് ക്ലോസ്ഡ് മൈൻഡ് അല്ല. ഓപ്പണാണ്. എല്ലാ ചർച്ചകളെയും പാർട്ടി സ്വാഗതം ചെയ്യുമെന്നും മുനീർ വ്യക്തമാക്കി.
content highlights:mk muneer on muslim legue controversy