കോഴിക്കോട് > മുഖപത്രമായ’ചന്ദ്രിക’ വഴി മുസ്ലിം ലീഗ് നടത്തിയ വന്തട്ടിപ്പുകള് പുറത്തുവിട്ട് ജീവനക്കാര്. 2016-17ല് പിരിച്ച 16.5 കോടി രൂപയും 2020ല് പിരിച്ച കോടികളും കാണാനില്ലെന്ന് ലീഗ് നേതൃത്വത്തിന് നല്കിയ പരാതിയില് ജീവനക്കാര് പറയുന്നു. 2017 മുതല് ജീവനക്കാരില് നിന്നും പിരിച്ചെടുത്ത പിഎഫ് അക്കൗണ്ടില് അടച്ചിട്ടില്ല. പത്രത്തിനായി ഗള്ഫില് നിന്നും പിരിച്ചെടുത്ത വലിയ സംഖ്യകള് സ്ഥാപനത്തില് എത്തിയിട്ടില്ല.
നോട്ടുനിരോധന കാലത്ത് 10 കോടിയിലധികം രൂപ ചന്ദ്രികയുടെ അക്കൗണ്ടിലേക്ക് ഫിനാന്സ് ഡയറക്ടര് നിക്ഷേപിച്ചു. പണത്തിന്റെ ഉറവിടം കാണിച്ച് രേഖകള് നല്കാത്തതിനാല് പത്രത്തിന്റെ കോഴിക്കോട് യൂണിറ്റില് ജീവനക്കാരെ പുറത്താക്കി ഇന്കംടാക്സിന്റെ റെയ്ഡ് നടന്നു. ചന്ദ്രികയുടെ ചരിത്രത്തില് ആദ്യമായാണ് ഇത്തരമൊരു സംഭവമെന്നും ജീവനക്കാര് പറഞ്ഞു.
മാധ്യമമേഖലയുമായി ഒരു ബന്ധമില്ലാതിരുന്ന പിഎംഎ സമീര് ഫിനാന്സ് ഡയറക്ടറായി ചുമതലയേറ്റതോടെ പത്രത്തിന്റെ അക്കൗണ്ടും ഫയല്സിസ്റ്റവും സ്ഥാപനത്തിന് പുറത്ത് സമാന്തര ഓഫീസ് സംവിധാനത്തിലൂടെയാണ് കൈകാര്യം ചെയ്തിരുന്നത്. ചന്ദ്രികയുടെ സര്ക്കുലേഷന് വിഭാഗം അറിയാതെ വരിക്കാരെ ചേര്ത്ത് പണം പിരിച്ചെടുക്കുക വരെ ചെയ്തു. ഇപ്പോള് പരസ്യകുടിശിക പിരിക്കുന്നതും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്. ആ പണമൊക്കെ ചന്ദ്രികയിലെത്തുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്നും ജീവനക്കാര് പരാതിയില് പറയുന്നു.
പത്രത്തിന്റെ കോഴിക്കോട്ടെ ആസ്ഥാനം നിലനില്ക്കുന്നത് കണ്ണായ സ്ഥലത്താണ്. ഇത് തുച്ഛമായ തുകയ്ക്ക് കൈക്കലാക്കാന് പലരും തക്കം പാര്ത്തിരിപ്പുണ്ട്. കെടുകാര്യസ്ഥതയും അഴിമതിയും സ്വജനപക്ഷപാതവും ചന്ദ്രികയെ നശിപ്പിക്കുകയാണ്. പാര്ടിയുടെ നേരിട്ടുള്ള നിയന്ത്രണം ചന്ദ്രികയ്ക്ക് വേണമെന്നും ജീവനക്കാര് കത്തില് ആവശ്യപ്പെട്ടു.