കോതമംഗലം > മാനസ കൊലപാതക കേസിൽ അറസ്റ്റിലായ ബിഹാർ സ്വദേശികളെ പൊലീസ് കുടുക്കിയത് നാടകീയനീക്കങ്ങൾക്ക് ഒടുവിൽ. അറസ്റ്റിലായ സോനുകുമാറിനോട് തോക്ക് വേണമെന്ന് ഹിന്ദിയിൽ ആവശ്യപ്പെട്ടാണ് പൊലീസ് വലയിലാക്കിയത്. മുൻഗർ ജില്ലയിലെ പർസന്തോ ഗ്രാമത്തിലെ ആളൊഴിഞ്ഞ സ്ഥലത്ത് വരാൻ സോനുകുമാർ ആവശ്യപ്പെട്ടു. കേരള പൊലീസ് സംഘത്തിനൊപ്പം ബിഹാർ പൊലീസും മഫ്തിയിൽ അവിടെയെത്തി. രണ്ടുദിവസം നീണ്ട ഓപ്പറേഷനിലൂടെയാണ് പൊലീസ് സോനുകുമാറിന് അരികിലെത്തിയത്.
മഫ്തിയിലെത്തിയ ബിഹാർ പൊലീസിനെ തിരിച്ചറിഞ്ഞതോടെ സോനുകുമാറിനൊപ്പമുള്ള സംഘം ആക്രമണത്തിന് തുനിഞ്ഞു. എന്നാൽ, ബിഹാർ പൊലീസ് ആകാശത്തേക്ക് വെടിവച്ചതോടെ ഇവർ കടന്നുകളഞ്ഞു. ഒറ്റപ്പെട്ടുപോയ സോനുകുമാറിനെ പൊലീസ് പിടികൂടുകയായിരുന്നു.
മാനസയെ കൊന്നശേഷം വെടിവച്ചുമരിച്ച രഖിലിന്റെ ഫോണിൽനിന്നാണ് സോനുകുമാറിന്റെ നമ്പർ പൊലീസിന് ലഭിച്ചത്. രഖിലിന്റെ ബിഹാർബന്ധത്തെക്കുറിച്ചുള്ള അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്. രഖിലും പാർട്ണർ ആദിത്യനും ചേർന്ന് ബംഗളൂരുവിൽ നടത്തിയ ഇന്റീരിയർ ഡിസൈൻ സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു സോനുകുമാർ. ആദിത്യനെ ചോദ്യംചെയ്തതിൽനിന്നാണ് ഈ വിവരം ലഭിച്ചത്.
രഖിൽ മുൻപരിചയം വച്ച് സോനുകുമാറിനെ ബന്ധപ്പെടുകയായിരുന്നു. സ്വന്തം രക്ഷയ്ക്ക് തോക്ക് വേണമെന്നാണ് പറഞ്ഞത്. ബിഹാറിൽ തോക്ക് ലഭ്യമാണെന്ന് ഇന്റർനെറ്റ് വഴി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം. ബിഹാറിൽനിന്ന് തോക്ക് വാങ്ങിനൽകാമെന്ന് സോനുകുമാർ രഖിലിന് ഉറപ്പും നൽകി.
രഖിൽ ആയുധപരിശീലനം നേടിയതും ബിഹാറില്
ശ്രീരാജ് ഓണക്കൂർ
കൊച്ചി > കോതമംഗലം ഡെന്റൽ കോളേജ് ഹൗസ് സർജൻ പി വി മാനസ വെടിയേറ്റു മരിച്ച കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് സൂചന. മാനസയെ വെടിവച്ചുകൊല്ലാൻ രഖിൽ ആയുധപരിശീലനം തേടിയത് ബിഹാറിൽനിന്നാണെന്ന് അന്വേഷകസംഘം കണ്ടെത്തി. അറസ്റ്റിലായ രണ്ടു ബിഹാർ സ്വദേശികളുമായി പൊലീസ് അടുത്തദിവസം എറണാകുളത്തെത്തും.
തോക്കിന്റെ യഥാർഥ ഉറവിടം കണ്ടെത്താൻ പൊലീസ് വീണ്ടും ബിഹാറിലേക്ക് പോകും. തോക്ക് നൽകിയ ബിഹാർ സ്വദേശി സോനുകുമാറിനും ഇടനിലക്കാരനായ മനീഷ് കുമാർ വർമയ്ക്കും പുറമെ ആയുധവ്യാപാരസംഘത്തിലെ ഉന്നതരിലേക്കാണ് അന്വേഷണം നീളുന്നത്. സോനുകുമാറിനെ പിടികൂടുന്നതിനിടെ കേരള–ബിഹാർ പൊലീസ് സംഘത്തിനുനേരെ ആയുധവ്യാപാരസംഘം ആക്രമണം നടത്തിയിരുന്നു. പൊലീസ് തിരിച്ച് വെടിയുതിർത്തതോടെ ഇവർ രക്ഷപ്പെടുകയായിരുന്നു.
സോനുകുമാറും മനീഷ്കുമാറും സുഹൃത്തുക്കളാണ്. സോനുകുമാറിന്റെ സ്ഥലമായ മുൻഗർ ജില്ലയിലോ സമീപപ്രദേശങ്ങളിലോ വച്ച് രഖിൽ തോക്ക് ഉപയോഗിക്കാൻ പരിശീലനം നേടിയതായാണ് വിവരം. പത്തുദിവസം രഖിൽ ബിഹാറിൽ തങ്ങിയിരുന്നു. തോക്ക് ലഭിച്ചിട്ടും ബിഹാറിൽ തുടർന്നത് ആയുധപരിശീലനം നേടാനാണെന്നാണ് പൊലീസിന്റെ നിഗമനം. തോക്കിൽ തിരയിട്ട് നിറയൊഴിക്കാൻ രണ്ടു പ്രാവശ്യം രഖിലിന് പരിശീലനം ലഭിച്ചു.
ആയുധവ്യാപാരസംഘത്തിന്റെ ഏജന്റാണ് ഓൺലൈൻ ടാക്സി ഡ്രൈവർ മനീഷ്കുമാർ വർമ. ആയുധപരിശീലനത്തിനായി രഹസ്യകേന്ദ്രത്തിലേക്ക് രഖിലിനെ എത്തിച്ചത് മനീഷ്കുമാറിന്റെ ടാക്സിയിലാണെന്നു കരുതുന്നു.
തോക്ക് വാങ്ങാനെത്തിയ രഖിലിനെ സോനുകുമാർ പട്നയിൽനിന്ന് മുൻഗറിലേക്ക് എത്തിച്ചതും മനീഷ്കുമാറിന്റെ ടാക്സിയിലാണ്.