വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അതിവേഗത്തിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പോലീസ്. അയൽവാസിയും ചുരക്കുളം എസ്റ്റേറ്റ് നിവാസിയുമായ അർജുനാണ് കേസിലെ പ്രതി. അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്ത് 38ാം ദിവസമാണ് കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നത്.
ബലാത്സംഗം, കൊലപാതകം, പോക്സോ ഉൾപ്പെടെ ആറ് വകുപ്പുകൾ അർജുനെതിരേ ചുമത്തിയിട്ടുണ്ട്. കേസിൽ ആകെ 36 സാക്ഷികളാണുള്ളത്. കുട്ടിക്ക് നൽകാൻ പ്രതി പതിവായി മുട്ടായി വാങ്ങിയിരുന്ന കടക്കാരനും പ്രധാന സാക്ഷികളിൽ ഒരാളാണ്. കേസിൽ 150ലധികം പേരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.
പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനും സ്വാഭാവിക ജാമ്യം കിട്ടാതിരിക്കാനുമാണ് കുറ്റപത്രം നേരത്തെ സമർപ്പിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ജൂൺ 30-നാണ് ചുരക്കുളം എസ്റ്റേറ്റിലെ ലയത്തിനുള്ളിൽ ആറു വയസുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പീഡിപ്പിക്കുന്നതിനിടെ കുട്ടി ബോധരഹിതയാവുകയും മരിച്ചെന്ന് കരുതി പ്രതി കുട്ടിയെ കെട്ടിത്തൂക്കുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി കുഞ്ഞ് മരിച്ചെന്നാണ് വീട്ടുകാരും നാട്ടുകാരും ആദ്യം കരുതിയത്. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
content highlights:vandiperiyar rape and murder case, charge sheet will be submitted on tuesday