തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് ഞായറാഴ്ച കർക്കടക വാവിന് പൊതുസ്ഥലങ്ങളിൽ ബലിതർപ്പണം അനുവദിക്കില്ല. വീടുകളിൽത്തന്നെ ചടങ്ങുകൾ നടത്തണമെന്ന് സർക്കാർ നിർദേശിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ പിതൃതർപ്പണത്തിനുള്ള സൗകര്യം ഉണ്ടായിരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. മറ്റു ക്ഷേത്രങ്ങളിലും തർപ്പണത്തിനു സൗകര്യമുണ്ടായിരിക്കില്ല.
തുടർന്നാണ് വീടുകളിൽ ബലിയിടാനുള്ള പൊതുധാരണ കഴിഞ്ഞ കൊല്ലത്തിനു സമാനമായി ഉണ്ടായത്. വീടുകളിൽ തർപ്പണത്തിനുള്ള സഹായനിർദേശവും ഇതിനകം ലഭ്യമായിട്ടുണ്ട്. ഓൺലൈനിലൂടെയാണ് ബലിയുടെ കർമങ്ങളും രീതിയും കൈമാറുന്നത്. വിവിധ പുരോഹിതന്മാരുടെ നിർദേശം വിശ്വാസികൾ ഏറ്റെടുത്തു.
ബലിതർപ്പണത്തിനായി ആയിരക്കണക്കിന് ഭക്തരെത്തുന്ന ആലുവ മണപ്പുറത്ത് ഇത്തവണ ബലിതർപ്പണത്തിനുള്ള അനുമതിയില്ല. പക്ഷേ ഭക്തർക്ക് ക്ഷേത്രത്തിൽ ദർശനത്തിനും മറ്റ് പൂജകൾ നടത്താനുമുള്ള ക്രമീകരണങ്ങളാണ് ഇത്തവണ ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള നിയന്ത്രണങ്ങൾ ദർശനത്തിന് ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ആളുകൾക്ക് ക്ഷേത്രത്തിലേക്കും പ്രവേശനം ഉണ്ടായിരുന്നില്ല.
തെക്കൻ കേരളത്തിൽ ഏറ്റവും കൂടുതൽ പേർ ബലിതർപ്പണത്തിനെത്തിയിരുന്നപ്രധാന ക്ഷേത്രമായ തിരുവല്ലം പരശുരാമ ക്ഷേത്രത്തിലും ബലിതർപ്പണത്തിനുള്ള ക്രമീകരണമില്ലെങ്കിലുംദർശനത്തിനും പൂജകൾക്കുമുള്ള ക്രമീകരണമുണ്ട്. ഓൺലൈൻ ബുക്കിങ് സൗകര്യം ഇക്കാര്യത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ദിവസവും ബലിതർപ്പണമുള്ള ക്ഷേത്രത്തിൽ ഇന്നത്തെ ദിവസം അതും ഒഴിവാക്കിയിട്ടുണ്ട്.
സർക്കാർ നിർദേശത്തെ തുടർന്ന് തിരുനാവായ നാവാമുകന്ദ ക്ഷേത്രത്തിലും ബലിതർപ്പണ ചടങ്ങുകൾ ഒഴിവാക്കി. പൂജകൾക്കുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
Content Highlights:Karkidaka Vavu Today, Balitarpan at homes