കൊച്ചി > നാവിക പ്രതിരോധമേഖലയിൽ തന്ത്രപ്രധാന ഉപകരണങ്ങൾ നിർമിച്ച് കൈമാറാൻ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെൽട്രോണും കേന്ദ്ര പ്രതിരോധ ഗവേഷണ സ്ഥാപനമായ എൻപിഒഎല്ലും തമ്മിൽ ധാരണയായി. വ്യവസായമന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിൽ ധാരണപത്രം ഒപ്പുവച്ചു. കെൽട്രോൺ സിഎംഡി എൻ നാരായണമൂർത്തിയും എൻപിഒഎൽ ഡയറക്ടർ എസ് വിജയൻപിള്ളയും തമ്മിൽ ധാരണപത്രം കൈമാറി.
അന്തർവാഹിനികൾക്കായി പ്രത്യേകം തയ്യാറാക്കിയ ഉഷസ് സോണാർ സിമുലേറ്റർ, കപ്പലുകളും അന്തർവാഹിനികളും തമ്മിലുള്ള സമുദ്രാന്തര വാർത്താവിനിമയ സംവിധാനമായ യുവാക്സ് ട്രൈറ്റൺ, അന്തർവാഹിനികൾക്കായി അഡ്വാൻസ്ഡ് ഇൻഡിജീനസ് ഡിസ്ട്രസ് സോണാർ സിസ്റ്റം എന്നിവ നിർമിക്കാനുള്ള ധാരണപത്രമാണ് ഒപ്പുവച്ചത്. സർക്കാർ ആവിഷ്കരിക്കുന്ന ഇലക്ട്രോണിക്സ് പാർക് ഉൾപ്പെടെയുള്ള പുതിയ പദ്ധതികളിലും എൻപിഒഎല്ലിന്റെ കൂടുതൽ സഹകരണം പ്രതീക്ഷിക്കുന്നതായി മന്ത്രി പി രാജീവ് പറഞ്ഞു.
എൻപിഒഎല്ലുമായി അരൂരിലെ കെൽട്രോൺ കൺട്രോൾസിൽ നാലിനം ഉപകരണങ്ങൾ നിലവിൽ നിർമിക്കുന്നുണ്ട്. 70 കോടി രൂപയുടെ ഓർഡറാണ് കെസിഎക്ക് ലഭിച്ചിട്ടുള്ളത്. 45 കോടി രൂപയുടെ പുതിയ ഓർഡറും ഈവർഷം കെൽട്രോണിന് ലഭിക്കും. കുറ്റിപ്പുറത്തെ കെൽട്രോൺ ടൂൾറൂമിന് 20 കോടി രൂപയുടെ ഓർഡർ എൻപിഒഎൽ നൽകിയിട്ടുണ്ട്. 18 കോടി രൂപയുടെ ഓർഡർ ഈവർഷം ലഭിക്കും. കരകുളം കെൽട്രോണിന് എൻപിഒഎല്ലിൽനിന്ന് രണ്ട് ഉപകരണനിർമാണ ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. ഡിസ്ട്രസ് സോണാർ സിസ്റ്റം, അണ്ടർവാട്ടർ ടെലിഫോൺ എന്നിവയാണവ. എൻപിഒഎല്ലിലെ അക്വോസ്റ്റിക് ടാങ്ക്, മെറ്റീരിയൽ ആൻഡ് ട്രാൻസ്ഡ്യൂസേഴ്സ് സിമുലേറ്റഡ് ടെസ്റ്റ് സെന്റർ എന്നിവ മന്ത്രി സന്ദർശിച്ചു.