കൊച്ചി > ഭരണപരിഷ്കാരങ്ങൾ വേഗത്തിലാക്കാൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ, ഗാർഡിയൻ ഓഫീസർമാരെ നിയമിച്ചു. കേന്ദ്രസർക്കാർ പിന്തുണയോടെ അഡ്മിനിസ്ട്രേറ്റർ നടപ്പാക്കുന്ന പദ്ധതികളുടെ നേരിട്ടുള്ള മേൽനോട്ടത്തിനാണ് ഉന്നതോദ്യോഗസ്ഥരെ ഗാർഡിയൻ ഓഫീസർമാരായി നിയമിച്ചത്.
ദിവസവും പദ്ധതിപ്രദേശങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവിന് നൽകാൻ ഓഫീസർമാർക്ക് നിർദേശം നൽകി. റിസോർട്ട് നിർമാണം ഉൾപ്പെടെയുള്ള പദ്ധതികൾ വിവാദമായതോടെയാണ് പുതിയ മേൽനോട്ടക്കാരെ നിശ്ചയിച്ചത്. വികസനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് നിയമനമെന്നാണ് അധികൃതരുടെ വിശദീകരണം. വരത്തിയിൽ എൽഡിസിഎൽ എംഡി സചിൻ ശർമ, മിനിക്കോയിൽ ഡബ്ല്യുസിഡി സെക്രട്ടറി വിജേന്ദ്രസിങ് റാവത്ത്, ആന്ത്രോത്തിൽ പിഎസ്എ സെക്രട്ടറി ശിവകുമാർ, അമിനിയിൽ വൈദ്യുതി സെക്രട്ടറി സുശീൽ സിങ്, ചെത്ലത്ത്, ബിത്ര ദ്വീപുകളിൽ എസ്എസ്പി ശരത്കുമാർ സിൻഹ, കടമത്തിൽ- ഇ ആൻഡ് എഫ് സെക്രട്ടറി എ ടി ദാമോദർ കടമത്ത്, കിൽത്താനിൽ എസ്പി അമിത് വർമ, കൽപ്പേനി, ചെറിയം ദ്വീപുകളിൽ എഎച്ച് സെക്രട്ടറി ഒ പി മിശ്ര, അഗത്തി, ബംഗാരം, സുഹേലി ദ്വീപുകളിൽ ഡെപ്യൂട്ടി കലക്ടർ വിശാൽ ഷാ എന്നിവരെയാണ് ഗാർഡിയൻ ഓഫീസർമാരായി നിയമിച്ചത്.