തിരുവനന്തപുരം > എല്ലാ മണ്ഡലത്തിലെയും തെരഞ്ഞെടുക്കപ്പെട്ട ആശുപത്രിയിൽ പത്ത് കിടക്കയുള്ള ഐസൊലേഷൻ വാർഡ് സജ്ജമാക്കാൻ കിഫ്ബി പദ്ധതി. കോവിഡ്, നിപ പോലുള്ള പകർച്ചവ്യാധികളുടെ പശ്ചാത്തലത്തിലാണ് അതിനെ നേരിടാനുള്ള പദ്ധതിക്ക് കിഫ്ബി രൂപം നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് യോഗം 236.30 കോടിയുടെ പദ്ധതിക്ക് അനുമതി നൽകി. ഇതടക്കം 932.69 കോടിയുടെ പത്ത് പദ്ധതിക്ക് അനുമതിയായി.
നേരത്തെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ 144.23 കോടിയുടെ ഏഴ് പദ്ധതി കൂടി വകയിരുത്തിയിട്ടുണ്ട്. ആകെ 1076.92 കോടിയുടെ 17 പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വാർത്താസമ്മേളനത്തിൽപറഞ്ഞു. ദേശീയപാത വിപുലീകരണവും സ്ട്രെച്ചുകൾക്ക് ഭൂമി ഏറ്റെടുക്കലിനുമായി 1395.01 കോടി രൂപയും വകയിരുത്തി. പൊതുവിദ്യാഭ്യാസം(10.77 കോടി), ആരോഗ്യം (236.43), പൊതുമരാമത്ത് (103.43) ,ജലവകുപ്പ് (374.23) ,കോസ്റ്റൽ ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ ( 247.20) , തദ്ദേശഭരണം(47.92), ഫിഷറീസ് (57.06) പദ്ധതികൾക്കും അംഗീകാരമായി.
ജലപാതയ്ക്കായി കോവളം ആക്കുളം, വേളി, കഠിനംകുളം, വർക്കല എന്നിവിടങ്ങളിലെ 1275 കുടുംബങ്ങൾക്കുള്ള പുനരധിവാസ പദ്ധതി, കോട്ടയം നാലുകോടി, തൃശൂർ നെല്ലായി, തിരുവനന്തപുരം വെൺകുളം റെയിൽവേ മേൽപാലങ്ങൾ നിർമാണം, ചെല്ലാനത്തെ കടൽഭിത്തി നവീകരണവും തീര സംരക്ഷണവും തുടങ്ങിയവയ്ക്കും ബോർഡ് പച്ചക്കൊടി വീശി. കിഫ്ബി ഇതുവരെ ആകെ അംഗീകരിച്ചത് 64,344.64 കോടിയുടെ പദ്ധതിയാണ്. ഇതിൽ 23,845.14 കോടിയുടെ പദ്ധതി ടെൻഡർ പൂർത്തിയാക്കി. 21,176.35 കോടിയുടെ പദ്ധതി പ്രവർത്തനം തുടങ്ങിയിട്ടുമുണ്ട്.