തിരുവനന്തപുരം > സിൽവർലൈൻ അർധ അതിവേഗ റെയിൽപദ്ധതിക്ക് പാരിസ്ഥിതിക അനുമതി ആവശ്യമില്ല. കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ 2006ലെ എൻവയോൺമെന്റൽ ഇംപാക്ട് അസസ്മെന്റ് (ഇഐഎ)വിജ്ഞാപനപ്രകാരം റെയിൽ പദ്ധതികളെ പാരിസ്ഥിതിക അനുമതി നേടേണ്ടവയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ ദിവസം കേരളത്തിൽനിന്നുള്ള ലോക്സഭ അംഗങ്ങളായ എം കെ രാഘവൻ, അടൂർ പ്രകാശ് എന്നിവരുടെ ചോദ്യങ്ങൾക്ക് കേന്ദ്ര പരിസ്ഥിതി–-വനം മന്ത്രി ഭൂപേന്ദ്ര യാദവ് ഉത്തരം നൽകിയിരുന്നു. കേരളം സിൽവർലൈൻ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി തേടിയിട്ടില്ല എന്ന തരത്തിലാണ് ചില മാധ്യമങ്ങൾ ഇത് വാർത്തയാക്കിയത്. തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതായിത്. വലിയ പദ്ധതികൾ നടപ്പാക്കുമ്പോൾ സംസ്ഥാന സർക്കാരുകൾ കേന്ദ്രത്തിന്റെ പാരിസ്ഥിതിക അനുമതി എടുക്കേണ്ടതുണ്ടോ എന്നതായിരുന്നു അംഗങ്ങളുടെ ചോദ്യം.
2006ലെ ഇഐഎ വിജ്ഞാപനത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ പുതിയ പദ്ധതിക്കും നിലവിലുള്ള പദ്ധതികളുടെ വിപുലീകരണത്തിനും നവീകരണത്തിനും അത് നടപ്പാക്കുന്ന സ്വകാര്യ, കേന്ദ്ര/സംസ്ഥാന ഏജൻസികൾ പാരിസ്ഥിതിക അനുമതി മുൻകൂറായി തേടണം എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ മറുപടി. റെയിൽ പദ്ധതിയെന്നനിലയിൽ സിൽവർലൈൻ ഇഐഎ വിജ്ഞാപനത്തിന്റെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ അത്തരമൊരു അനുമതിയുടെ ആവശ്യമില്ല എന്നത് മന്ത്രിയുടെ മറുപടിയിൽത്തന്നെ വ്യക്തമാണെന്നും കെ റെയിൽ അധികൃതർ അറിയിച്ചു.