തിരുവനന്തപുരം > സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിന് മികച്ച പിന്തുണ നൽകുന്ന കോവിഡ് ബ്രിഗേഡിനെ തകർക്കാൻ കേന്ദ്ര നീക്കം. ബ്രിഗേഡിൽ താൽക്കാലികമായി നിയമിച്ചവരുടെ ശമ്പളം കേന്ദ്രം റദ്ദാക്കി. ഇതിലെ ജീവനക്കാർക്ക് സെപ്തംബർ മുതലുള്ള ശമ്പളം മുടങ്ങാനാണ് സാധ്യത. കേന്ദ്ര നടപടി കേരളത്തിലെ കോവിഡ് ബ്രിഗേഡിനെയും അതുവഴി കോവിഡ് പ്രതിരോധത്തെയും തകർക്കും. കേരളം പ്രതിരോധം കൂടുതൽ ശക്തമാക്കണമെന്ന് പറയുന്നതിനൊപ്പമാണ് കേന്ദ്രത്തിന്റെ ഈ ഇരട്ടതാപ്പ്. ദേശീയ ആരോഗ്യദൗത്യത്തിന് (എൻഎച്ച്എം) അനുവദിച്ച ഫണ്ടിൽനിന്നുള്ള തുകയാണ് കേന്ദ്രം നൽകാത്തത്.
കോവിഡ് രോഗപ്രതിരോധത്തിന് സംസ്ഥാനങ്ങളെ സഹായിക്കാൻ എൻഎച്ച്എമ്മിന് കേന്ദ്രനിർദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2020ൽ കോവിഡ് ബ്രിഗേഡിന് കേരളം രൂപം നൽകിയത്. 60,000 പേർ രജിസ്റ്റർ ചെയ്തു. ഇതിൽ 19,796 പേർക്ക് നിയമനം നൽകി. കോവിഡ് രോഗികളെ നിരീക്ഷിക്കാനും ചികിത്സിക്കാനുമുള്ള ഡിസിസി, സിഎഫ്എൽടിസി, സിഎസ്എൽടിസി എന്നിവിടങ്ങളിലാണ് ഇവരെ നിയോഗിച്ചത്.
ഇവർക്ക് ശമ്പളത്തിന് മാത്രം മാസം 35 കോടി രൂപയും വർഷത്തേക്ക് 420 കോടിയും വേണം. നിലവിൽ ആഗസ്തിലെ ശമ്പളം നൽകാനുള്ള തുകയേ ബാക്കിയുള്ളൂ. കേന്ദ്രമാനദണ്ഡം അനുസരിച്ചുള്ള നിയമനമായതിനാൽ പദ്ധതി സംസ്ഥാനത്തിന് ഏറ്റെടുക്കാനാകില്ല.