തിരുവനന്തപുരം > കെപിസിസി, ഡിസിസി പുനഃസംഘടനയ്ക്ക് ഗ്രൂപ്പുകളുടെയും നേതാക്കളുടെയും പട്ടിക പ്രളയം. തങ്ങളോട് ആലോചിക്കാതെ നിയമനം നടത്തരുതെന്ന് ഹൈക്കമാൻഡിനോട് എംപിമാർ ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റ് ആക്കിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് മുൻ എംഎൽഎ ഭീഷണി ഉയർത്തി. എ, ഐ ഗ്രൂപ്പ് കെപിസിസി പ്രസിഡന്റ് കെ സുധാകരന് പട്ടിക നൽകിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്വന്തംനിലയിൽ പട്ടിക കൈമാറി. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഹൈക്കമാൻഡ് വഴി പട്ടിക നൽകിയെന്നാണ് സൂചന.
ഇതിനിടെയാണ് ചർച്ച നടത്താതെ അംഗീകരിക്കരുതെന്ന് ഏതാനും എംപിമാർ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ അറിയിച്ചത്. നേതൃത്വത്തിലേക്ക് കൊണ്ടുവന്ന കെ സുധാകരനും വി ഡി സതീശനും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നും യുഡിഎഫ് ദുർബലമാണെന്നും എംപിമാർ പരാതിപ്പെട്ടു. കരട് പട്ടിക മുൻനിർത്തി ഉമ്മൻചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും കെ സുധാകരനും വി ഡി സതീശനും തിങ്കളാഴ്ച ചർച്ച നടത്തും. ഇതിനുശേഷം സുധാകരൻ ഡൽഹിയിലെത്തി എംപിമാരെ കാണും. തുടർന്ന്, പട്ടിക ഹൈക്കമാൻഡിന് നൽകും.
കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും വിമർശിച്ച ഗ്രൂപ്പ് നിലപാട് ഹൈക്കമാൻഡിനെ ഞെട്ടിച്ചു. ഇരുവരും സ്വന്തം ഗ്രൂപ്പ് ശക്തമാക്കാനുള്ള അവസരമായി പുനഃസംഘടനയെ ഉപയോഗിക്കുകയാണെന്നാണ് എ, ഐ ഗ്രൂപ്പിന്റെ പരാതി. പ്രതിപക്ഷ നേതാവ് സ്ഥാനം ലഭിക്കാതെ നിരാശരായ ചില മുതിർന്ന നേതാക്കൾ വി ഡി സതീശനെതിരെ രൂക്ഷമായ പരാമർശമടങ്ങിയ കത്ത് ഹൈക്കമാൻഡിന് നൽകിയിട്ടുണ്ട്. ഡിസിസി പ്രസിഡന്റ് നിയമനത്തിന് രണ്ടുമുതൽ അഞ്ചുവരെ പേരുള്ള പട്ടിക ജില്ലയിൽനിന്ന് തയ്യാറാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ മൂന്ന് പേരുണ്ട്. ഇതിലുൾപ്പെട്ട മുൻ എംഎൽഎയാണ് സ്ഥാനം നൽകിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് നേതൃത്വത്തെ അറിയിച്ചത്.