തിരുവനന്തപുരം > കിഫ്ബി പദ്ധതികളുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലെന്നും ഉന്നയിക്കപ്പെട്ട പരാതികളിൽ നടപടിയുണ്ടാകുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കിഫ്ബി പദ്ധതിക്ക് നിശ്ചിത ഗുണനിലവാര മാനദണ്ഡമുണ്ട്. ഉദ്യോഗസ്ഥർ നൽകിയ വിശദ പദ്ധതിരേഖയുടെ അടിസ്ഥാനത്തിലാണ് പരാതി ഉന്നയിക്കപ്പെട്ട പാതയ്ക്ക് അനുമതി നൽകിയത്. ആവശ്യമായ വീതി 13.6 മീറ്ററാണ്. എന്നാൽ, ചില ഭാഗത്ത് ആറ് മീറ്ററേ ഉണ്ടായിരുന്നുള്ളൂ.
നിലവിൽ ലഭ്യമായ വീതിയിൽ പണിയുകയോ അല്ലെങ്കിൽ കൂടുതൽ ഭൂമിയേറ്റെടുത്ത് മാനദണ്ഡപ്രകാരം നിർമിക്കുകയോ ആണ് മുന്നിലുള്ള വഴി. ഇക്കാര്യത്തിൽ പ്രായോഗികപ്രശ്നം നോക്കി നിയമപരമായി പ്രവർത്തിക്കും. പുതിയ പദ്ധതികളിൽ പദ്ധതിരേഖ സമർപ്പിക്കുമ്പാൾ പ്രോജക്ട് എൻജിനിയറിങ് ഡ്രോയിങ്(പിഇഡി) കൂടി ഉൾപ്പെടുത്തണമെന്ന വ്യവസ്ഥ കർശനമാക്കി. ഇത് ഇല്ലാത്തവയ്ക്ക് അനുമതി നൽകില്ല. ഇതോടെ വീതിയിലടക്കമുള്ള പ്രശ്നം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
മുന്നിൽ പൊതുമരാമത്ത്
കിഫ്ബി പദ്ധതികളിൽ കൂടുതൽ തുക വിനിയോഗിച്ചത് പൊതുമരാമത്ത് വകുപ്പ്. 6771.04 കോടി രൂപ. വ്യവസായത്തിന് 1840.54 കോടി, പൊതുവിദ്യാഭ്യാസത്തിന് 1282.25 കോടി, ജലവിഭവ വകുപ്പിന് 1064.04 കോടിയും വകയിരുത്തി. ഹരിതപദ്ധതിക്കായി 1100 കോടി രൂപ ഇന്റർനാഷണൽ ഫിനാൻഷ്യൽ കോർപറേഷനിൽനിന്ന് വായ്പയെടുക്കും.
ഇതിന് കേന്ദ്ര ഏജൻസികളിൽനിന്ന് അനുമതി തേടിയിട്ടുണ്ട്. വായ്പയുടെ ടേം ഷീറ്റ് ബോർഡ് യോഗം അംഗീകരിച്ചു. 500 കോടിയുടെ ജലവിതരണ പദ്ധതികളും ആരോഗ്യമേഖലയിൽനിന്നുള്ള 600 കോടിയുടെ പദ്ധതികളുമാണ് ഇതിലുള്ളത്. യോഗത്തിൽ കിഫ്ബി സിഇഒ കെ എ എബ്രഹാം പങ്കെടുത്തു.