വാഷിങ്ടണ്‍ > യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് വീറ്റോ അധികാരത്തോടെ സ്ഥിരാംഗത്വം നല്‍കുന്നതിനെ എതിർത്ത് അമേരിക്ക. ഇന്ത്യക്ക് രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം ലഭിച്ചാൽ അത് വീറ്റോ അധികാരം ഇല്ലാത്തതായിരിക്കും എന്നാണ് ബൈഡന് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. അമേരിക്കയുടെ താളത്തിന് തുള്ളുന്ന മോഡി സർക്കാരിന് കനത്ത തിരിച്ചടിയാണ് ഈ നിലപാട്.
റഷ്യ, ചൈന, ബ്രിട്ടന്, അമേരിക്ക, ഫ്രാന്‍സ് എന്നിവയാണ് നിലവിൽ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങള്‍. ഇവർക്ക് വീറ്റോ അധികാരമുണ്ട്. ഇന്ത്യ സ്ഥിരാംഗമാവുന്നതിന് ചൈനയ്ക്കാണ് എതിർപ്പ് എന്നായിരുന്നു യുഎസിന്റെ പ്രചരണം. രക്ഷാസമിതിയുടെ അധ്യക്ഷപദവി ഈ മാസം ഇന്ത്യയ്ക്കാണ്. ഈ പശ്ചാത്തലത്തിലാണ് സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ആവശ്യം വീണ്ടും ചര്‍ച്ചയായത്.
ഇന്ത്യക്കൊപ്പം രക്ഷാസമിതിയില്‍ പ്രവര്‍ത്തിക്കുന്നതിന് അമേരിക്കയ്ക്ക് സന്തോഷമുണ്ടെന്നും പുതിയ സ്ഥിരാംഗങ്ങളെയും താല്‍ക്കാലിക അംഗങ്ങളെയും ചേർത്ത് രക്ഷാസമിതി വിപുലീകരിക്കാൻ സമവായത്തിന് ശ്രമിക്കുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. എന്നാല്‍, ഇന്നത്തെ വീറ്റോ അധികാരത്തിൽ മാറ്റമോ വിപുലനമോ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ, ജപ്പാൻ, ജർമനി, ബ്രസീൽ എന്നീ രാജ്യങ്ങൾ ഒരു സംഘമായി(ജി4) സ്ഥിരാംഗത്വത്തിന് വാദിക്കുന്നുണ്ട്. ഇതിന് ബദലായി പാകിസ്ഥാൻ, ദക്ഷിണ കൊറിയ, ഇറ്റലി, അർജന്റീന എന്നീ രാജ്യങ്ങളുടെ സഖ്യവും അവകാശമുന്നയിക്കുന്നുണ്ട്. എന്നാൽ വീറ്റോ അധികാരം ഇല്ലാത്ത സ്ഥിരാംഗത്വം സ്വീകരിക്കുമോ എന്ന് ഒരു രാജ്യവും വ്യക്തമാക്കിയിട്ടില്ല.