ടോക്യോ
ഒരുമയുടെ സന്ദേശം പകർന്ന് ടോക്യോ മിഴിയടച്ചു. 17 ദിനം നീണ്ട ഒളിമ്പിക്സിന് നാഷണൽ സ്റ്റേഡിയത്തിൽ ആഘോഷത്തോടെ സമാപനം. മഹാമാരിയെ അതിജീവിച്ചാണ് ജപ്പാൻ മേള പൂർത്തിയാക്കിയത്. കാണികളില്ലാത്തത് ആവേശം കുറച്ചെങ്കിലും ഗാംഭീര്യത്തിന് ഒട്ടും കുറവില്ലായിരുന്നു. 2024ൽ പാരിസിൽ കാണാമെന്ന ഉറപ്പോടെ കായികതാരങ്ങൾ വിടചൊല്ലി.
ചെെനയുടെ കനത്ത വെല്ലുവിളിക്കിടയിലും അമേരിക്ക ചാമ്പ്യൻപദവി നിലനിർത്തി. 39 സ്വർണമുൾപ്പെടെ 113 മെഡലുകളാണ് അമേരിക്കയ്ക്ക്. ചെെനയ്ക്ക് 38 സ്വർണമടക്കം 88 മെഡലുകൾ. ആതിഥേയരായ ജപ്പാൻ 27 സ്വർണമുൾപ്പെടെ 58 മെഡലുകളുമായി മൂന്നാംസ്ഥാനം നേടി.
photo credit olympics.com
ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവും സ്വന്തമാക്കിയ ഇന്ത്യ നാൽപ്പത്തെട്ടാംസ്ഥാനത്താണ്. നീരജ് ചോപ്രയുടെ സ്വർണത്തിലായിരുന്നു ഇന്ത്യ ഒളിമ്പിക്സിലെ മികച്ച പ്രകടനം നടത്തിയത്. കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചാണ് മേള നടത്തിയത്. ചില പ്രമുഖതാരങ്ങൾ പിന്മാറിയിരുന്നു. സ്-പ്രിന്റിലും റിലേയിലും ഉൾപ്പെടെ മൂന്ന് സ്വർണം നേടിയ ജമെെക്കയുടെ ഇലെയ്ൻ തോംപ്സൺ മിന്നി. അമേരിക്കയുടെ കാലെബ് ഡ്രെസെലും ഓസ്ട്രേലിയയുടെ എമ്മ മക്കിയോണും നീന്തൽക്കുളത്തിൽ മെഡൽ വാരി. ഗുസ്തിയിൽ വെങ്കലം നേടിയ ബജ്റങ് പൂണിയയാണ് സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയത്. കായിക താരങ്ങൾ ആവേശപൂർവം മൈതാനത്ത് അണിനിരന്നു. ഒളിമ്പിക് പതാക രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക് പാരിസ് മേയർക്ക് കൈമാറി.