കോഴിക്കോട്: കുഞ്ഞാലിക്കുട്ടിയുടെ ആധിപത്യം ലീഗിൽ അവസാനിക്കുകയാണെന്ന് കെ.ടി ജലീൽ എം.എൽ.എ. ലീഗ് നേതൃയോഗത്തിനുശേഷം മുസ്ലിം ലീഗ് നേതാക്കൾ നടത്തിയ വാർത്താ സമ്മേളനത്തിന് തൊട്ടുപിന്നാലെയാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശവുമായി ജലീൽ രംഗത്തെത്തിയത്.
ലീഗ് നേതാക്കൾ നടത്തിയ വാർത്താ സമ്മേളനം മാതൃകാപരമായിരുന്നു. കുഞ്ഞാലിക്കുട്ടി വായ തുറക്കാത്ത ലീഗിന്റെ ചരിത്രത്തിലെ ആദ്യ വാർത്താ സമ്മേളനമാണ് ഇന്ന് കോഴിക്കോട് നടന്നത്. സ്വാദിഖലി ശിഹാബ് തങ്ങൾക്ക് സ്വസ്ഥമായി കാര്യങ്ങൾപറയാൻ പറ്റി. പി.എം.എ സലാം സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതിനു ശേഷം അദ്ദേഹത്തിന് വാർത്താ സമ്മേളനത്തിൽ സംസാരിക്കാൻ സാധിച്ചു. ഇ.ടി മുഹമ്മദ് ബഷീറിന് പറയാൻ ഉദ്ദേശിച്ചതൊക്കെ പറയാൻ സാധിച്ചു. ആരും മൈക്ക് തട്ടിപ്പറിച്ചില്ല. വളരെ അച്ചടക്കത്തോടെയുള്ള വാർത്താ സമ്മേളനമാണ് ഇന്ന് നടന്നത്. കുഞ്ഞാലിക്കുട്ടിയുടെ ആഥിപത്യം ലീഗിൽ അവസാനിക്കുകയാണെന്ന് പറഞ്ഞത് ഇതെല്ലാം മുൻനിർത്തിയാണ് – കെ ടി ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.
ലീഗിൽ ശുദ്ധികലശം നടത്തേണ്ടി വരും. എന്താണോ കേരളത്തിലെ ജനാധിപത്യ സമൂഹം ആഗ്രഹിച്ചത്, അതാണ് ഇപ്പോൾ നടന്നത്. മാഫിയ രാഷ്ട്രീയത്തിന് എതിരായിട്ടുള്ള ശക്തമായ ഒരു താക്കീത് തന്നെയാണ് ഇന്നത്തെ ലീഗ് നേതൃ യോഗത്തിൽ ഉണ്ടായിട്ടുള്ളത്. കുഞ്ഞാലിക്കുട്ടി യുഗം ലീഗിൽ അവസാനിക്കുകയാണ്. ബ്ലാക്ക് മെയിൽ രാഷ്ട്രീയത്തിന്റെ ആശാനാണ് കുഞ്ഞാലിക്കുട്ടി. അത് കൊണ്ടാണ് അദ്ദേഹത്തോട് അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കണമെന്ന് തോന്നിയത്.
സേഠിനെ പുറത്താക്കിയതും പിഎം അബൂബക്കർ, യു.എ ബീരാൻ എന്നിവരെയും പുറത്താക്കാൻ നേതൃത്വം നൽകിയതും കുഞ്ഞാലിക്കുട്ടിയാണ്. അദ്ദേഹത്തിനും ഒരു പുറത്ത് പോകൽ അനിവാര്യമാണ്. പാണക്കാട് കുടുംബത്തിന്റെ മേസ്തിരിപ്പണി ആരെയും ഏൽപ്പിച്ചിട്ടില്ല എന്നാണ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞത്. അത് കുഞ്ഞാലിക്കുട്ടിയെക്കുറിച്ചാണ് പറഞ്ഞത് എന്ന് തന്നെയാണ് കരുതേണ്ടതെന്നും കെ.ടി ജലീൽ പറഞ്ഞു.
Content Highlights: kt jaleel talking about kunhalikutty after the League leadership meeting