മലപ്പുറം: പാണക്കാട് ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈനലി ശിഹാബ് തങ്ങളുടെ നടപടി തെറ്റാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയതായി മുസ്ലീംലീഗ് ഉന്നതാധികാര സമിതി അംഗം സാദിഖ് അലി ശിഹാബ് തങ്ങൾ. കോഴിക്കോട് പത്രസമ്മേളനത്തിനിടെ മുഈനലിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ഉന്നതലയോഗത്തിൽ ചർച്ച ചെയ്തുവെന്നും ഇക്കാര്യം ഹൈദരലി ശിഹാബ് തങ്ങളെ ധരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് ഹൈദരലി ശിഹാബ് തങ്ങളാണ് തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഒറ്റപ്പെട്ട് അഭിപ്രായം പറയുന്ന ഒരു പാരമ്പര്യം അല്ല പാണക്കാട് കുടുംബത്തിനുളളത്. അത് ലീഗിന്റെ കാര്യങ്ങളായാലും പൊതുസമൂഹത്തെ സംബന്ധിക്കുന്ന മറ്റ് കാര്യങ്ങളായാലും. കൂട്ടായ ചർച്ചയിലൂടെ ഉളള തീരുമാനം കുടുംബത്തിലെ മുതിർന്ന ആളാണ് പറയുക. ഇവിടെ അത് ലംഘിക്കപ്പെട്ടു. അക്കാര്യം മുഈനലിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
വിഷയം എന്തുതന്നെയായാലും അവിടെ ചെയ്തത് ശരിയോ തെറ്റോ എന്നാണ് കുടുംബം വിലയിരുത്തിയത്. അത് തെറ്റാണ് എന്നാണ് കുടുംബത്തിന്റെ വിലയിരുത്തൽ. പത്രസമ്മേളനത്തിൽ അദ്ദേഹം ഉന്നയിച്ച ആരോപണ വിഷയങ്ങൾ ചർച്ച ചെയ്തില്ല. സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു.
മുഈൻ അലി തങ്ങളെ അസഭ്യം പറഞ്ഞതിന് ലീഗ് പ്രവർത്തകൻ റാഫി പുതിയ കടവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.ലീഗ്പ്രവർത്തകൻ മുഈനലിക്കെതിരേ കേട്ടാലറയ്ക്കുന്ന തെറിവിളിയാണ് നടത്തിയത്. ലീഗ്ഹൗസിൽ നിന്ന് പുറത്തിറങ്ങി വീണ്ടും മാധ്യമങ്ങളുമായി സംസാരിക്കാൻ ശ്രമംനടത്തിയെങ്കിലും ലീഗ് ഹൗസിലെ ജീവനക്കാർ ചേർന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കുകയായിരുന്നു.
ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ പാണക്കാട് ഹൈദരലി തങ്ങൾക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) നോട്ടീസ് ലഭിക്കാൻ കാരണം പി.കെ. കുഞ്ഞാലിക്കുട്ടിയും വി.കെ. ഇബ്രാഹിം കുഞ്ഞുമാണെന്നാണ് കോഴിക്കോട് നടന്ന പത്രസമ്മേളനത്തിൽ മുഈനലി ശിഹാബ് തങ്ങൾ ആരോപിച്ചത്.
പാണക്കാട് ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈനലി ശിഹാബ് തങ്ങൾ കോഴിക്കോട് ലീഗ് ഹൗസിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് ഗുരുതര ആരോപണങ്ങളുന്നയിച്ചത്. ചന്ദ്രികയുടെ അഭിഭാഷകനും ഒപ്പമുണ്ടായിരുന്നു.
നോട്ടീസ് ലഭിച്ചതിന്റെ പേരിൽ ഹൈദരലി തങ്ങൾക്ക് മാനസിക പ്രയാസമുണ്ടായതിനെത്തുടർന്ന് ഡൽഹിയിൽ ചികിത്സതേടി.എന്നിട്ടും പ്രയാസം തീരാത്തതുകൊണ്ടാണ് കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നത്. പാർട്ടിഫണ്ട് ട്രഷററാണ് കൈകാര്യം ചെയ്യേണ്ടത്. പക്ഷേ, 40 വർഷമായി കുഞ്ഞാലിക്കുട്ടിയാണ് മുഴുവൻ പണവും കൈകാര്യം ചെയ്യുന്നത്.പാണക്കാട്ടെ കുടുംബത്തിന് സാമ്പത്തിക കാര്യങ്ങളിൽ ഒരു പങ്കുമില്ലെന്നും മുഈനലി പറഞ്ഞിരുന്നു.