Tokyo Olympics 2020: ടോക്യോ ഒളിംപിക്സിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് ജാവലിൻ ത്രോയിൽ സ്വർണമെഡൽ. ഒളിംപിക്സ് ചരിത്രത്തിൽ ഇന്ത്യ ആദ്യമായാണ് അത്ലറ്റിക്സ് ഇനത്തിൽ സ്വർണം നേടുന്നത്. ടോക്യോ ഒളിംപിക്സിൽ ഇന്ത്യയുടെ ഏഴാം മെഡൽ നേട്ടമാണിത്, ആദ്യ സ്വർണവും.
87.58 മീറ്റര്‍ ദൂരം പായിച്ചാണ് ഹരിയാന സ്വദേശിയായ ഇരുപത്തി മൂന്നുകാരനായ നീരജ് ചോപ്ര പുരുഷ ജാവലിനിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ചെക്ക് താരങ്ങളായ യാക്കുബ് വാഡ്ലിച്ച് 86.67 മീറ്റര്‍ എറിഞ്ഞ് വെള്ളിയും വിറ്റെസ്ലാവ് വെസ്ലി 85.44 മീറ്റര്‍ എറിഞ്ഞ് വെങ്കലവും നേടി.
ഫൈനലിൽ ആദ്യ ശ്രമത്തില്‍ തന്നെ മികച്ച ദൂരം കണ്ടെത്തിയ നീരജ് രണ്ടാം ശ്രമത്തിൽ നില കൂടുതൽ മെച്ചപ്പെടുത്തുകയായിരുന്നു. ആദ്യ ശ്രമത്തിൽ 87.03 മീറ്റര്‍ ദൂരമാണ് താരത്തിന് കണ്ടെത്താനായത്. ആദ്യ റൗണ്ടിലും താരം ഒന്നാമതെത്തുകയും ചെയ്തു.
രണ്ടാം ശ്രമത്തിലെ 87.58 ദൂരമാണ് താരത്തെ സ്വർണം നേടാൻ സഹായിച്ചത്. മൂന്ന് റൗണ്ടുകളുള്ള ഫൈനലിൽ അവസാന റൗണ്ടിൽ 76.79 മീറ്റർ ദൂരം മാത്രമാണ് നീരജ് കണ്ടെത്തിയതെങ്കിലും രണ്ടാം റൗണ്ടിലെ മികച്ച ദൂരം ഒന്നാംസ്ഥാനം നേടിക്കൊടുക്കുകയായിരുന്നു.
പ്രാഥമിക റൗണ്ടില്‍ 86.65 മീറ്റര്‍ ദൂരം കണ്ടെത്തി മികച്ച പ്രകടനം നടത്തിയാണ് നീരജിന്റെ ഫൈനൽ പ്രവേശനം. ഒളിമ്പിക്സ് ജാവലിന്‍ ത്രോയില്‍ ഫൈനലില്‍ എത്തിയ ആദ്യ ഇന്ത്യൻ താരം എന്ന റെക്കോഡും നീരജ് അന്ന് സ്വന്തമാക്കിയിരുന്നു.
അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും കരസേനാ ജൂനിയർ കമ്മിഷന്‍ഡ് ഓഫീസറായ നീരജ് സ്വന്തമാക്കി. 2008 ബെയ്ജിങ് ഒളിംപിക്സിലായിരുന്നു അഭിനവ് ബിന്ദ്ര റൈഫിളിൽ സ്വർണം നേടിയത്. 13 വർഷങ്ങൾക്ക് ശേഷം ഇപ്പോൾ നീരജിലൂടെ രണ്ടാം വ്യക്തിഗത സ്വർണ നേട്ടം ഇന്ത്യ സ്വന്തമാക്കി.
നീരജ് ചോപ്രയുടെ മെഡൽ നേട്ടത്തോടെ ഇന്ത്യ ഏറ്റവും കൂടുതൽ മെഡൽ നേടുന്ന ഒളിംപിക്സായി ടോക്യോ ഒളിംപിക്സ് മാറി. മെഡലുകളുടെ എണ്ണത്തിൽ 2012 ലണ്ടൻ ഒളിംപിക്സിലെ ആറ് മെഡലുകൾ എന്ന റെക്കോഡാണ് ഇന്ത്യ മറികടന്നത്.
ടോക്യോ ഒളിംപിക്സ് അവസാനിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ ശനിയാഴ്ച ഇന്ത്യ നേടുന്ന രണ്ടാം മെഡൽ നേട്ടമാണിത്. ഗുസ്തിയിൽ ബജ്രങ് പൂനിയയുടെ വെങ്കല നേട്ടം സ്വന്തമാക്കിയതിന് പിറകെയാണ് നീരജിന്റെ സുവർണ നേട്ടം.
Read More: Tokyo Olympics 2020: ടോക്യോയിൽ ഇന്ത്യക്ക് ആറാം മെഡൽ; ഗുസ്തിയിൽ വെങ്കല നേട്ടവുമായി ബജ്രംഗ് പൂനിയ
ഒളിംപിക്സിൽ പുരുഷന്മാരുടെ 65 കിലോ ഫ്രീസ്റ്റൈൽ വിഭാഗം ഗുസ്തി മത്സരത്തിലാണ് ബജ്രങ് പൂനിയക്ക് വെങ്കല മെഡൽ നേടിയത്. മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ കസാഖിസ്താന്റെ ദൗലത്ത് നിയാസ്ബെക്കോവിനെയാണ് ബജ്രങ് പൂനിയ 8–0 എന്ന സ്കോറിന് പരാജയപ്പെടുത്തിയത്.
ക്വാര്‍ട്ടറില്‍ ഇറാൻ താരം മൊര്‍ത്തേസ ഗിയാസിയെ തോൽപ്പിച്ചാണ് ഇന്ത്യൻ താരം സെമിയിലെത്തിയത്. എന്നാൽ സെമിയിൽ പരാജയപ്പെട്ട താരം മൂന്നാം മെഡലിനായുള്ള പോരാട്ടത്തിലേക്ക് എത്തുകയായിരുന്നു.
സെമിഫൈനലിൽ റിയോ ഒളിംപിക്സിൽ വെങ്കല മെഡല്‍ നേടിയ അസര്‍ബൈജാന്റെ ഹാജി അലിയായിരുന്നു ബജ്രങ് പൂനിയയുടെ എതിരാളി.
Read More: Tokyo Olympics: ചരിത്ര മെഡല്‍ അദിതിക്ക് നഷ്ടം; അവസാന റൗണ്ടില്‍ നാലാം സ്ഥാനം
നീരജിന്റെയും ബജ്രങ്ങിന്റെയും മെഡലുകൾക്കു പുറമെ ഇന്ത്യ രണ്ട് വെള്ളിയും മൂന്ന് വെങ്കലവും നേടിയിരുന്നു. മീരാബായ് ചാനു, രവി ദഹിയ എന്നിവർ വെള്ളിയും പിവി സിന്ധു, ലവ്ലിന ബോർഗോഹെയ്നും എന്നിവരും പുരുഷ ഹോക്കി ടീമും വെങ്കലം സ്വന്തമാക്കി.
Read More: ‘നമ്മുടെ സ്വപ്നമായിരുന്നു ഇത്’; ഇന്ത്യയുടെ ചരിത്ര വിജയം ആഘോഷിച്ച് മുന്‍ കേരള ഹോക്കി താരങ്ങള്‍
ടോക്യോയിൽ മെഡൽ പട്ടികയിൽ ഇന്ത്യ നിലവിൽ 66-ാം സ്ഥാനത്താണ്. ഇന്നത്തോടെ ഇന്ത്യൻ താരങ്ങളുടെ മത്സരങ്ങൾ എല്ലാം പൂർത്തിയാവും. ഒളിംപിക്സ് സമാപന ചടങ്ങ് ഞായറാഴ്ച നടക്കും. സമാപന ചടങ്ങിൽ ബജ്രങ് ഇന്ത്യയുടെ പതാക വഹിക്കും.
The post Tokyo Olympics 2020: ചരിത്രം കുറിച്ച് സുവർണ നേട്ടവുമായി നീരജ്; ഒളിംപിക് അത്ലറ്റിക്സിൽ ഇന്ത്യയുടെ ആദ്യ മെഡൽ appeared first on Indian Express Malayalam.