മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുമായ കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട സർക്കാർ നടപടിക്കെതിരെ സുപ്രീം കോടതിവരെ പോകാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. കിരൺ പ്രൊബേഷൻ പൂർത്തിയാക്കിയിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് രാവിലെ 11 മണിയോടെയാണ് വിസ്‌മയയുടെ കൊല്ലം നിലമേലിലെ വീട്ടിൽ മന്ത്രി എത്തിയത്.
കിരണിനെ പിരിച്ചുവിട്ട നടപടി നിയമപരമായി നിലനിൽക്കില്ലെന്ന വാദം ഒരു വിഭാഗം നിയമവിദഗ്ധർ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് മന്ത്രി കൂടുതൽ വിശദീകരണം നടത്തിയത്. വകുപ്പുതല അന്വേഷണത്തിന് ശേഷമാണ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയിരുന്നു കിരൺ കുമാറിനെ സർവീസിൽ നിന്നും സർക്കാർ പുറത്താക്കിയത് ഗതാഗത മന്ത്രി വെള്ളിയാഴ്ച അറിയിച്ചിരുന്നു. കേരള സിവിൽ സർവീസ് ചട്ടം എട്ടാം വകുപ്പനുസരിച്ചാണ് നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
“അന്വേഷണത്തിൽ സംശയാതീതമായി കുറ്റം തെളിഞ്ഞതിനാലാണ് നടപടി. സർക്കാർ ജീവനക്കാർ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുതെന്നാണ് ചട്ടം. 1960ലെ കേരള സിവിൽ സർവീസ് റൂൾ പ്രകാരമാണ് നടപടി. കിരണിന് ഇനി സർക്കാർ ജോലി ലഭിക്കില്ല. പ്രൊബേഷനിലായിരുന്നതിനാൽ പെൻഷനും അർഹതയുണ്ടാവില്ല. സർക്കാർ സർവീസിൽ ഇനി ജോലി ചെയ്യാൻ കഴിയില്ല. വിസ്‌മയയുടെ മരണത്തിൽ പോലീസ് നടത്തുന്ന അന്വേഷണവും വകുപ്പുതല അന്വേഷണവും രണ്ടും രണ്ടാണ്. പോലീസ് അന്വേഷണ പ്രകാരമല്ല വകുപ്പുതല അന്വേഷണം നടക്കുക. ഭാര്യയുടെ മരണത്തെ തുടർന്ന് ഭർത്താവിനെ സർക്കാർ സർവീസിൽ നിന്നും പിരിച്ചുവിടുന്ന ആദ്യ സംഭവമാണ് ഈ കേസിൽ സർക്കാർ സ്വീകരിച്ചത്” – എന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.