തിരുവനന്തപുരം: കിഫ്ബിയുടെ പദ്ധതികളെക്കുറിച്ച് കെ.ബി.ഗണേഷ് കുമാർ എംഎൽഎ നിയമസഭയിൽ നടത്തിയ വൈകാരിക പരാമർശത്തിന് കിഫ്ബിയുടെ മറുപടി. വെഞ്ഞാറമ്മൂട് പാലത്തിന്റേത് 25.03 കോടി രൂപ ചെലവ് വരുന്ന പദ്ധതിയാണെന്നും രണ്ടു തവണ ടെൻഡർ വിളിച്ച പദ്ധതി ഇപ്പോൾ ടെൻഡർ പൂർത്തീകരണഘട്ടത്തിൽ എത്തിയിട്ടുണ്ടെന്നും കിഫ്ബി വ്യക്തമാക്കി.
ടെൻഡർ നടപടി പൂർത്തിയാകുന്നതോടെ പദ്ധതി പെട്ടെന്നുതന്നെ പൂർത്തീകരിക്കാൻ കഴിയും.ഏനാത്ത്- പത്തനാപുരം റോഡിന് സ്റ്റോപ്പ് മെമ്മോ നൽകിയത് ഗുണനിലവാരം ഉറപ്പാക്കാനാണെന്നും കിഫ്ബി മറുപടി നൽകി. 13.6 മീറ്റർ വീതിയിൽ ചെയ്യാൻ ഡിപിആറും എസ്റ്റിമേഷനും തയാറായ പദ്ധതിയിൽ പലയിടത്തും ഈ റോഡിന് ആറ് മീറ്റർ മാത്രമാണ് വീതിയുള്ളത് . ഇത് അനുവദിക്കനാവില്ലെന്നും കൃത്യമായ വീതി ഉറപ്പാക്കാനാണ് സ്റ്റോപ്പ് മെമ്മോ നൽകിയതെന്നും കിഫ്ബി പറയുന്നു.
വെഞ്ഞാറമ്മൂട് ജങ്ഷനിലെ തിരക്കിൽ പെട്ടതു കാരണം തന്റെ പ്രിയപ്പെട്ട അമ്മയുടെ മരണസമയത്ത് എത്താൻ കഴിയാതെ പോയതിന്റെ അനുഭവവമാണ് കെ.ബി. ഗണേഷ്കുമാർ വൈകാരികമായി സഭയിൽ അവതരിപ്പിച്ചത്. കിഫ്ബിയെക്കുറിച്ചുള്ള പരാമർശം എംഎൽഎമാരുടെ പൊതുവികാരമായി കാണണമെന്ന് എ.എൻ.ഷംസീർ എംഎൽഎയും നിലപാടെടുത്തിരുന്നു.
content highlights:kiifbis replied to mla k.b.ganesh kumar