ഓസ്‌ട്രേലിയയിൽ ഈ മാസം ഓഗസ്റ്റ് 10 നു നടക്കാൻ പോകുന്ന സെൻസസിനെക്കുറിച്ച് നിങ്ങളിൽ മിക്കവരും അറിഞ്ഞിട്ടുണ്ടാകും. ഈ മാസം ഓഗസ്റ്റ് 10, ചൊവ്വാഴ്ച രാത്രിയിൽ വരെ ഓസ്‌ട്രേലിയയിൽ ജനിച്ചവരും, ജീവിക്കുന്നവരും ജോലി ചെയ്യുന്നവരും പഠിക്കുന്നവരും ഉൾപ്പെടെയുള്ള ഓസ്‌ട്രേലിയൻ ജനസംഖ്യയുടെ സ്ഥിതി വിവര കണക്കെടുപ്പാണിത്. എല്ലാ അഞ്ചു വർഷവും കൂടുമ്പോൾ നടത്തപ്പെടുന്ന ഈ സെൻസസ് പ്രക്രിയ ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ്ൻറെ (ABS) ഉത്തരവാദിത്വത്തിലാണ് നടത്തപ്പെടുന്നത്.
ഇപ്പോൾ നടക്കാൻ പോകുന്ന സെൻസസ് 2021- നെ ക്കുറിച്ചുള്ള വിവരങ്ങളും സെൻസസ് ഫോം പൂരിപ്പിക്കുന്നതിനും ഉള്ള മാർഗ്ഗ നിർദ്ദേശങ്ങളും ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ന്റെ താഴെക്കൊടുത്തിരിക്കുന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
ലോകത്തിലെ ഏറ്റവും വലിയ തോതിൽ, ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ നിന്നും കുടിയേറ്റം നടക്കുന്ന രാജ്യമായതിനാൽ ഓസ്‌ട്രേലിയയിൽ ഗവൺമെന്റിന് രാഷ്ട്രീയ, സാംസ്‌കാരിക, വികസന, വ്യവസായ, ആരോഗ്യ സംബന്ധിയായ കാര്യങ്ങളിൽ കൃത്യമായ പ്ലാനിങ്ങിനും മുൻഗണനയും, പരിഗണനയും നൽകുന്നതിനും, പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനും- ഈ സെൻസസിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ അത്യന്താപേക്ഷിതമാണ്. ആയതിനാൽ എല്ലാവരും തന്നെ നിർബന്ധമായും ഈ സെൻസസിൽ പങ്കെടുക്കേണ്ടതും, അല്ലാത്തപക്ഷം പിഴ അടക്കേണ്ടി വരുമെന്നും ABS അറിയിക്കുന്നു.
നമ്മൾ മലയാളികൾക്കും ഈ സെൻസസ് വളരെ പ്രാധാന്യം ഉള്ളതാണ്. 2016 -ൽ നടന്ന സെൻസസ് പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഇന്ത്യൻ ഭാഷകളിൽ മൂന്നാം സ്ഥാനമാണ് മലയാളത്തിന് ; ഒന്നും, രണ്ടും സ്ഥാനങ്ങൾ യഥാക്രമം ഹിന്ദിയും, പഞ്ചാബിയും ആണ്. തമിഴ് ഭാഷ മൂന്നാം സ്ഥാനത്തുണ്ടെങ്കിലും, അത് ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂർ എന്നിങ്ങനെ മറ്റു പല രാജ്യങ്ങളിൽ നിന്നും കുടിയേറി വന്നവർ സംസാരിക്കുന്നതിനാൽ, ഇന്ത്യൻ കുടിയേറ്റ ജനത സംസാരിക്കുന്ന ഭാഷ എന്ന നിലയിൽ മലയാളത്തിന് മൂന്നാം സ്ഥാനം അവകാശപ്പെടാം.
ഇപ്രാവശ്യത്തെ സെൻസസ് ഫോമിലും ഭാഷയും സംസ്കാരവും സംബന്ധിയായ ചോദ്യങ്ങൾ ഉണ്ട്.
സെൻസസ് ഫോമിൽ 60 ചോദ്യങ്ങളാണ് ഉണ്ടാവുക. പങ്കെടുക്കുന്നവരുടെ പ്രായം, ലിംഗം, വിവാഹിതരോ അല്ലയോ, വീട്ടിലെ അംഗങ്ങൾ, ജോലി, ആരോഗ്യം തുടങ്ങിയ കാര്യങ്ങൾ ഇതിൽ ഉൾപ്പെടും.
പ്രിയപ്പെട്ട മലയാളി സുഹൃത്തുക്കൾ എല്ലാവരും ഈ census -ൽ പങ്കെടുക്കണമെന്നും അതോടൊപ്പം, നിങ്ങൾ വീട്ടിൽ ഏതു ഭാഷയാണ് സംസാരിക്കുന്നത്? എന്ന ചോദ്യത്തിന് നിർബന്ധമായും ‘മലയാളം’ എന്ന് എഴുതുവാനും അഭ്യർത്ഥിക്കുന്നു.
ഈ ചോദ്യവും അതിനു നിങ്ങൾ എഴുതുന്ന ഉത്തരവും വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഇവിടെ ഓരോ കമ്മ്യൂണിറ്റിയിലും ഉള്ള ആളുകളുടെ എണ്ണം അനുസരിച്ചാണ്, ഭാഷ, സംസ്കാരം, വികസനം തുടങ്ങിയ കാര്യങ്ങളിൽ ഓരോ കമ്മ്യൂണിറ്റിക്കും- ഇവിടുത്തെ ഗവണ്മെന്റ് പരിഗണനയും, മുൻഗണനയും, പ്രാധാന്യവും നൽകുന്നത്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഓസ്ട്രേലിയയിലേക്കു മലയാളികളുടെ എണ്ണം ധാരാളം വർധിച്ചിട്ടുണ്ട്. ആയതിനാൽ നമ്മുടെ മലയാളം കമ്മ്യൂണിറ്റിക്കു വിവിധ സംസ്‌ഥാനങ്ങളിലെ ഗവണ്മെന്റ് തലങ്ങളിൽ, കൂടുതൽ അർഹമായ പരിഗണനയ്ക്കും, പ്രാധാന്യത്തിനും അപാരമായ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ ഓസ്‌ട്രേലിയയിലെ ഓരോ പ്രവാസിയുടെയും സഹകരണം, നമ്മുടെ ഭാവി തലമുറയുടെ ഐക്യപ്പെടലിനും, ചരിത്രപരമായ ഏകീകരണത്തിനും മുതൽക്കൂട്ടാകും.