കോയമ്പത്തൂര്> തമിഴ്നാട്ടില് സര്ക്കാര് ഓഫീസിലും അയിത്തം. വില്ലേജ് അസിസ്റ്റന്റിനെ സവര്ണര് കാലുപിടിപ്പിച്ചു. കോയമ്പത്തൂര് ജില്ലയിലെ അന്നൂരിനടുത്ത ഒട്ടര്പാളയം വില്ലേജ് ഓഫീസില് കഴിഞ്ഞ ദിവസമാണ് സംഭവം. വില്ലേജ് അസിസ്റ്റന്റായ ദളിത് ജീവനക്കാരനെയാണ് സവര്ണ ജാതിക്കാരനായ കൗണ്ടര് കാലുപിടിപ്പിച്ചത്. ഈ കാഴ്ച സമൂഹ മാധ്യമങ്ങളില് വൈറലായതോടെ കോയമ്പത്തൂര് ജില്ലാ കലക്ടര് അന്വേഷണത്തിന് ഉത്തരവിട്ടു.
ഒട്ടര്പാളയം വില്ലേജോഫീസില് ഗോപിനാഥ് എന്നയാള് സ്വത്തുവിവരങ്ങളുടെ രേഖകള് ചോദിച്ച് എത്തി. വില്ലേജ് ഓഫീസറായ കലൈശെല്വി ഓണ്ലൈന് മൂലം അപേക്ഷ സമര്പ്പിക്കാന് ഗോപിനാഥിനോട് ആവശ്യപ്പെട്ടു. ഇതോടെ കോപാകുലനായ ഗോപിനാഥ് കലൈശെല്വിയോട് തട്ടിക്കയറി. സമാധാനിപ്പിക്കാന് ശ്രമിച്ചിട്ടും കൂട്ടാക്കാതെ ഗോപിനാഥ് വില്ലേജോഫീസറെ കയ്യേറ്റം ചെയ്യുന്ന അവസ്ഥയെത്തി.
ഇതോടെ വില്ലേജ് അസിസ്റ്റന്റായ മുത്തുസ്വാമി ഇടപെട്ട് രേഖകളില്ലാതെ ഒന്നും ചെയ്യാനാവില്ലെന്നും രേഖകള് കൊണ്ടുവരാനും ആവശ്യപ്പെട്ടു. അതോടെ കൂടുതല് കോപാകുലനായ ഗോപിനാഥ്,ഒരു ദളിതന് തന്നോട് കല്പ്പിക്കുകയോ എന്നു പറഞ്ഞ് വധഭീഷണിമുഴക്കി. നീയൊന്നും വില്ലേജ് ഓഫീസില് ഇനി പണിയെടുക്കില്ലെന്നും കൊന്നുകളയുമെന്നും പറഞ്ഞു. ഇതോടെ മുത്തുസ്വാമി ഗോപിനാഥിന്റെ കാലില് വീണ് മാപ്പു പറയുകയായിരുന്നു.
കാലില് വീഴുന്ന മുത്തുസ്വാമിയെ അണ്ണാ വേണ്ടണ്ണാ എന്നു പറഞ്ഞ് വില്ലേജ് ഓഫീസര് കശെലലെവി എഴുന്നേല്പ്പിക്കാന് ശ്രമിച്ചു. അതേസമയം നിന്നെ ഈ നാട്ടില് ജിവിക്കാന് അനുവദിക്കില്ലെന്നും നാട്ടില് നിന്നു ഓടിക്കുമെന്നും ഗോപിനാഥ് പറയുന്നുണ്ട്. കാലില് വീണു നിരവധി തവണ മാപ്പ് പറഞ്ഞശേഷം ‘നിന്നെ മന്നിത്തുവിട്ടേന് (നിന്നോട് ക്ഷമിച്ചിരിക്കുന്നു) ‘ എന്നും ഗോപിനാഥ് പറയുന്നു. തുടര്ന്നാണ് സംഭവം സമാധാനത്തിലെത്തിയത്. വില്ലേജ് ഓഫീസില് സര്ടിഫിക്കറ്റ് വാങ്ങാനെത്തിയ മറ്റൊരാള് ഈ രംഗങ്ങള് ചിത്രീകരിച്ച് സമൂഹ മാധ്യത്തില് പങ്കുവച്ചതാണ് സംഭവം പുറത്തുവരാന് ഇടയാക്കിയത്.
കോയമ്പത്തൂര് ജില്ലയില് ഏറ്റവുമധികം ജാതിവിവേചനം നിലനില്ക്കുന്ന ഗ്രാമങ്ങളില് ഒന്നാണ് അന്നൂരും പരിസര ഗ്രാമങ്ങളായ ഒട്ടര്പാളയവും. കൗണ്ടര് എന്ന ജാതിക്കാര് ദളിതരെ പീഡിപ്പിക്കുന്ന നിരവധി സംഭവം ഇവിടെയുണ്ടായിട്ടുണ്ട്. ചായക്കടയില് ഇരട്ട ഗ്ലാസ്, ബാര്ബര് ഷോപ്പില് മുടിവെട്ടുന്നതില് വിവേചനം തുടങ്ങി നിരവധി അയിത്താചരണം നടക്കുന്നുണ്ട്. ഇക്കാര്യങ്ങള് വിവിധ വാര്ത്താമാധ്യമങ്ങളില് വരികയും ചെയ്തിട്ടുണ്ട്. തുടര്ന്ന് ചില നടപടികള് ഉണ്ടായെങ്കിലും സവര്ണര് ദളിതരെ പീഡിപ്പിക്കുന്നത് തുടരുകയാണ് എന്നതിന് തെളിവാണ് ദളിതനായ വില്ലേജ് അസിസ്റ്റന്റിനെകൊണ്ട് കാലുപിടിപ്പിച്ച സംഭവം.