കോഴിക്കോട്
ചരിത്രത്തിൽ നേരിടാത്ത പ്രതിസന്ധിയിലാണ് മുസ്ലിം ലീഗ്… പി കെ കുഞ്ഞാലിക്കുട്ടിയാണോ ശരി, പാണക്കാട് തങ്ങളുടെ മകന്റെ നിലപാടോ…നേതൃത്വവും അണികളും കുഴയുന്നു. കുഞ്ഞാലിക്കുട്ടി അഴിമതിക്കാരനും ലീഗിന്റെ തകർച്ചയുടെ നായകനുമാണെന്നാണ് മുഈൻ അലി വിളിച്ചുപറഞ്ഞത്. പറഞ്ഞത് പൂർത്തിയാക്കാൻ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തൻ അനുവദിച്ചില്ല. പാണക്കാട് തങ്ങളുടെ മകനെ ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുക –- വാർത്താചാനലുകളിലൂടെ ലോകം മുഴുവൻ കണ്ട സംഭവത്തിൽ സ്തംഭിച്ചിരിക്കുകയാണ് ലീഗ് പ്രവർത്തകർ.
പാണക്കാട്ട് കുടുംബത്തെ സമുദായവും ലീഗും വിശുദ്ധമായാണ് കാണുന്നത്. ഇതിലൊരാളെ ഭീഷണിപ്പെടുത്തിയതിൽ സമസ്തയും ലീഗിലെ നേതാക്കളും അസ്വസ്ഥരാണ്. ആരും പരസ്യപ്രതികരണത്തിനില്ല. ലീഗിന്റെ അകത്തളത്തിൽ ഏറെക്കാലമായി അടക്കിപ്പിടിച്ച അഭിപ്രായങ്ങളാണ് മുഈൻ അലി പരസ്യപ്പെടുത്തിയത്. അതിനെ പിന്തുണയ്ക്കാനാവാത്ത നിസ്സഹായത നേതാക്കൾ പങ്കിടുന്നു. മുഈൻ അലി തങ്ങളെ ആക്രമിക്കാൻ തെറിവിളിച്ചുവന്നത് കുഞ്ഞാലിക്കുട്ടിയുടെ ഗുണ്ടയെന്ന് പേരുകേട്ടയാളാണ്. 2004ൽ ഐസ് ക്രീം പാർലർ പെൺവാണിഭ വാർത്ത വന്നപ്പോൾ സി എച്ച് മുഹമ്മദ് കോയയുടെ മകൻ എം കെ മുനീറിനെതിരെയും ഇദ്ദേഹമാണ് രംഗത്തുവന്നത്.
സംഭവത്തോട് പ്രതികരിക്കാൻ കുഞ്ഞാലിക്കുട്ടി തയ്യാറായിട്ടില്ല. വെള്ളിയാഴ്ച നിയമസഭയിൽ പങ്കെടുക്കാതെ മലപ്പുറത്ത് എത്തിയെങ്കിലും മുഈൻ അലിയുമായും ബന്ധപ്പെട്ടില്ല. എന്നാൽ സാദിഖലി തങ്ങൾ വഴി സമ്മർദതന്ത്രം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം മുഈൻ അലിയെ തള്ളിപ്പറഞ്ഞു. തങ്ങളുടെ മകനെതിരെ അച്ചടക്കനടപടിക്കുള്ള സാധ്യതയാണത്. തെറിവിളിച്ച റാഫി പുതിയകടവിനെതിരെ ഒന്നും പറഞ്ഞില്ലെന്നതും ശ്രദ്ധേയം.