കൊച്ചി
ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണക്കേസിന്റെ വിചാരണയ്ക്ക് പ്രത്യേക കോടതി രൂപീകരിച്ചുകൂടേ എന്ന് ഹൈക്കോടതി. സർക്കാരുമായി ആലോചിച്ച് ഇതിനുള്ള സാധ്യത പരിശോധിക്കാമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രത്യേക കോടതി രൂപീകരിക്കുന്ന കാര്യം ജസ്റ്റിസ് കെ ഹരിപാൽ ആരാഞ്ഞത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു രാഷ്ട്രീയ പാർടി അനധികൃത പണം കടത്തിക്കൊണ്ടുവന്നത് കേരള ചരിത്രത്തിൽ ആദ്യ സംഭവമാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പാർടിയുടെ ഉത്തരവാദപ്പെട്ട നേതാക്കൾക്കും പങ്കുണ്ട്. പ്രതികളും സാക്ഷികളും അന്വേഷണവുമായി സഹകരിക്കുന്നില്ല. പരാതിയിൽ പറയുന്ന 25 ലക്ഷമല്ല, മൂന്നരക്കോടി രൂപ കൊണ്ടുവന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രതികളും പാർടി നേതാക്കളും തമ്മിൽ അടുത്തബന്ധമുണ്ട്. ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. ജാമ്യാപേക്ഷകൾ വിധി പറയാനായി മാറ്റി. സുജീഷ്, ദീപ്തി, അഭിജിത്, അരീഷ്, അബ്ദുൾ ഷാഹിദ്, അബ്ദുൾ ബഷീർ എന്നിവരുടെ ജാമ്യഹർജികളാണ് പരിഗണിച്ചത്. അഡീഷണൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ് ഹാജരായി.