കൊച്ചി
സംസ്ഥാനത്ത് അതിവേഗത്തിൽ വിറ്റഴിക്കപ്പെടുന്ന ഉപഭോക്തൃ ഉൽപ്പന്നങ്ങൾക്കായി (എഫ്എംസിജി) ക്ലസ്റ്റർ പാർക്ക് സ്ഥാപിക്കാൻ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചു. മന്ത്രി പി രാജീവുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഫിക്കി പ്രതിനിധിസംഘം പാർക്കിനുള്ള നിർദേശങ്ങൾ സമർപ്പിച്ചു.
രാജ്യത്തെ എഫ്എംസിജി ഉൽപ്പാദന കേന്ദ്രമാക്കി കേരളത്തെ മാറ്റുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2027ഓടെ രണ്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന വ്യവസായ പാർക്കാണ് വിഭാവനം ചെയ്യുന്നത്. പാലക്കാട് ജില്ലയിൽ ഇതിനായി 500 ഹെക്ടർ ഭൂമി കണ്ടെത്തണമെന്നും ഫിക്കി കർണാടക ചെയർമാൻ കെ ഉല്ലാസ് കാമത്തിന്റെ നേതൃത്വത്തിലുള്ള സംഘം മന്ത്രിക്ക് സമർപ്പിച്ച നിർദേശങ്ങളിൽ പറയുന്നു. ഈ പദ്ധതിയിലൂടെ 35 ശതമാനം സാമ്പത്തിക വളർച്ച പ്രതീക്ഷിക്കുന്നുവെന്നും സംസ്ഥാനത്തിന് ഇണങ്ങുന്ന നിക്ഷേപ പദ്ധതി തമിഴ്നാടിന്റെയും കർണാടകത്തിന്റെയും വിപണി സാധ്യതകൾ ഉപയോഗപ്പെടുത്താവുന്നതാക്കി മാറ്റാൻ സഹായിക്കുമെന്നും ഉല്ലാസ് കാമത്ത് പറഞ്ഞു. ലോകത്ത് 20 മുൻനിര എഫ്എംസിജി കമ്പനികളെ പാർക്കിലേക്ക് എത്തിക്കുമെന്ന് ഫിക്കി പ്രതിനിധികൾ സർക്കാരിന് ഉറപ്പു നൽകി.
എഫ്എംസിജി വിഭാഗത്തിലുള്ള ഉൽപ്പന്നങ്ങൾക്ക് സംസ്ഥാനത്ത് 25,000 കോടി രൂപയുടെ വിപണിയുണ്ട്. ഇത് പരമാവധി ഉപയോഗപ്പെടുത്താൻ സർക്കാർ സന്നദ്ധമാണെന്നും പാർക്ക് യാഥാർഥ്യമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കിയതായി ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ മേധാവി സാവിയോ മാത്യു പറഞ്ഞു. -വാണിജ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ ഇളങ്കോവൻ, കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ എം ജി രാജമാണിക്യം, കിൻഫ്ര എംഡി സന്തോഷ് കോശി, ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ കോ ചെയർ ഡോ. എം ഐ സഹദുള്ള തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.