കരുനാഗപ്പള്ളി> ദേശീയപാതയിൽ നിയന്ത്രണംവിട്ട കാർ ലോട്ടറിവിൽപ്പന കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. ലോട്ടറി ഏജന്റ് ഓച്ചിറ ചങ്ങൻകുളങ്ങര ശ്രീജിത് ഭവനിൽ പ്രസന്നൻപിള്ള (ഉണ്ണിപ്പിള്ള–-53), വള്ളികുന്നം കടുവിനാൽ പൈനുംമൂട്ടിൽ എം രാജു (63) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പകൽ രണ്ടരയോടെ വവ്വാക്കാവ് പുലിയൻകുളങ്ങര ക്ഷേത്രത്തിനു സമീപമാണ് അപകടം.
ദേശീയപാതയോരത്ത് പ്രസന്നൻപിള്ളയുടെ ഏജൻസിയിൽ ലോട്ടറി വിൽപ്പന നടത്തുകയായിരുന്നു രാജു. അപകടസമയത്ത് പ്രസന്നൻപിള്ളയും കടയിലുണ്ടായിരുന്നു. കരുനാഗപ്പള്ളി ഭാഗത്തേക്കു വന്ന കാർ നിയന്ത്രണംവിട്ട് കിഴക്കുഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുവരെയും ഉടൻ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ എത്തിച്ചു. പ്രസന്നൻപിള്ളയെ ആലപ്പുഴ മെഡിക്കൽകോളേജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. പ്രസന്നൻപിള്ളയുടെ ബൈക്കും പൂർണമായി തകർന്നു. കാർ ഓടിച്ചിരുന്ന കരുനാഗപ്പള്ളി സ്വദേശി സുഹൈൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു. മരിച്ച പ്രസന്നൻപിള്ളയുടെ ഭാര്യ രമാദേവി. മക്കൾ: ശ്രുതി, ശ്രീജിത്. രാജുവിന്റെ ഭാര്യ കുമാരി. മക്കൾ: രതീഷ്, അജേഷ്. മരുമക്കൾ: രഞ്ജി, മഞ്ജു.