കൊട്ടാരക്കര> വീട്ടിലേക്ക് ടോര്‍ച്ച് തെളിച്ചെന്ന് ആരോപിച്ച് അയല്‍വാസിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കു ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. ചിതറ ചിറവൂര്‍ മുനിയിരുന്നകാലയില് തോട്ടിന്‍കര വീട്ടില്‍ അശോക് കുമാറിനെ (43) കൊലപ്പെടുത്തിയ കേസില്‍ ചിറവൂര്‍ തടത്തിവിള വീട്ടില്‍ അബ്ദുല്‍ റഹ്മാന് (67) ആണ് ശിക്ഷിക്കപ്പെട്ടത്. കൊട്ടാരക്കര പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ പ്രത്യേക കോടതി ജഡ്ജി ഹരി ആര് ചന്ദ്രനാണ് ശിക്ഷ വിധിച്ചത്.
2017 ഏപ്രില്‍ 23നു രാത്രി 9.30നായിരുന്നു സംഭവം. പ്രതിയും അശോക് കുമാറിന്റെ വീട്ടുകാരും വസ്തുതര്‍ക്കത്തെ തുടര്‍ന്ന് വിരോധത്തിലായിരുന്നു. തന്റെ വീട്ടിലേക്ക് ടോര്‍ച്ച് തെളിച്ചെന്നാരോപിച്ച് അബ്ദുല്‍ റഹ്മാന്, അശോക് കുമാറിനെ കൊടുവാള്‍കൊണ്ട് വെട്ടുകയായിരുന്നു. അശോക് കുമാര്‍ തല്‍ക്ഷണം മരിച്ചു. കടയ്ക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ദൃക്സാക്ഷികള്‍ ഇല്ലാതിരുന്നത് പ്രോസിക്യൂഷനു വെല്ലുവിളിയായി.
സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന് നടത്തിയ ശക്തമായ വാദമുഖങ്ങളാണ് ശിക്ഷ ഉറപ്പാക്കിയത്. പിഴത്തുക കൊല്ലപ്പെട്ട അശോകിന്റെ ഭാര്യക്കു നല്‍കാനും കോടതി വിധിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജി എസ് സന്തോഷ്കുമാര്‍ ഹാജരായി. കടയ്ക്കല്‍ സിഐ എസ് സാനി പ്രാഥമിക അന്വേഷണം നടത്തിയ കേസില്‍ പുനലൂര്‍ എസിപി ജി കാര്‍ത്തികേയനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.