തിരുവനന്തപുരം: പ്രശസ്ത കാർട്ടൂണിസ്റ്റും നാടൻപാട്ട് കലാകാരനുമായ മനക്കര മനയിൽ പി.എസ്. ബാനർജി (41) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡാനന്തര ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെയാണ് മരണം. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ് ബാനർജി.
ലളിതകലാ അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ടെക്നോപാർക്കിലെ ഒരു ഐ.ടി. സംരംഭത്തിൽ ഗ്രാഫിക് ഡിസൈനറായിരുന്നു. പാച്ചു, സുഭദ്ര എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ജയപ്രഭ. മക്കൾ: ഓസ്കാർ, നൊബേൽ. ബാനർജി പാടിയ താരക പെണ്ണാളെ കതിരാടും മിഴിയാളെ എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.
കേരളം കണ്ട മികച്ച കാരിക്കേച്ചറിസ്റ്റുകളിൽ ഒരാളായ ബാനർജിയുടെ വരകൾ ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ജൂലൈ രണ്ടിന് കോവിഡ് പോസിറ്റീവായ ശേഷം ആശുപത്രിയിലായിരുന്നു. ലളിതകലാ അക്കാദമിയുടെ ഏകാംഗ കാർട്ടൂൺ പ്രദർശനത്തിന് രണ്ടാഴ്ച മുൻപാണ് ബാനർജി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച യുവ പ്രതിഭയായി 2014-ൽ സംസ്ഥാന ഫോക് ലോർ അക്കാദമി ഇദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. തിരുവനന്തപുരം ശ്രീകാര്യം ചൈതന്യ ലെയ്നിലായിരുന്നു താമസം. ബാനർജിയുടെ വിയോഗത്തിൽ കേരള കാർട്ടൂൺ അക്കാദമി അനുശോചിച്ചു.
content highlights:ps banarji passes away