ഒത്തുകളി ആരോപണത്തിനും കേസിനും സസ്‌പെൻഷനും ശേഷം ജനുവരിയിലാണ് ശ്രീശാന്ത് വീണ്ടും ആഭ്യന്തര ക്രിക്കറ്റിൽ തിരിച്ചെത്തിയത്. ഏഴ് വർഷത്തിനു ശേഷം ബിസിസിഐ വിലക്ക് നീക്കിയതോടെ കഠിനമായ പരിശീലനത്തിലൂടെ ഫിറ്റ്നസ് മെച്ചപ്പെടുത്തിയയായിരുന്നു താരത്തിന്റെ വരവ്. ഇപ്പോഴിതാ ശ്രീശാന്തിന്റെ ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.
തന്റെ പഴയ ജേഴ്‌സി അണിഞ്ഞുകൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ശ്രീശാന്തിന്റെ കുറിപ്പ്. “ടീ ഷർട്ട് പ്രിന്റിൽ നിന്നും എന്റെ പേര് മങ്ങുന്നു .പക്ഷെ മനസ്സിൽ നിന്നില്ല, എന്റെ ശരീരവും ആത്മാവും ഞാൻ തുടരണമെന്ന് ആഗ്രഹിക്കുന്നു .. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ആശംസകളും വേണം..എപ്പോഴത്തെയും പോലെ .. ബൂട്ട് അഴിക്കുന്നതിന് മുമ്പ് ഒരുപാട് ദൂരം പോകാനുണ്ട്.. ഞാൻ ഒരിക്കലും വിട്ടുകൊടുക്കില്ല..” ശ്രീശാന്ത് കുറിച്ചു.
ജനുവരിയിൽ നടന്ന മുഷ്‌താഖ് അലി ടൂർണമെന്റിൽ കേരളത്തിന് വേണ്ടി നല്ല പ്രകടനമാണ് ശ്രീശാന്ത് കാഴ്ചവെച്ചത്. അഞ്ചു വിക്കറ്റ് നേട്ടം ഉൾപ്പടെ നേടിയിരുന്നു. എന്നാൽ 2021 ഐപിഎൽ ലേലത്തിൽ ആരും ശ്രീശാന്തിനെ ടീമിൽ എടുക്കാൻ തയ്യാറായിരുന്നില്ല.
Also read: India vs England First Test Day 2: വില്ലനായി മഴ; രണ്ടാം ദിനത്തിലെ കളി ഉപേക്ഷിച്ചു
ഐപിഎല്ലിൽ 2013 സീസണിലാണ് ശ്രീശാന്ത് അവസാനമായി കളിച്ചത്. ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളുടെയും ഭാഗമായിരുന്നു ശ്രീശാന്ത്. നീലകുപ്പായത്തിൽ 53 ഏകദിന മത്സരങ്ങളും 10 ടി20 മത്സരങ്ങളും കളിച്ച താരം 27 ടെസ്റ്റുകളിലും രാജ്യത്തെ പ്രതിനിധീകരിച്ചു. 2007ൽ ഇന്ത്യ പ്രഥമ ടി20 ലോകകപ്പ് നേടുമ്പോഴും 2011ൽ 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യ രണ്ടാമത് ഏകദിന ലോകകപ്പ് നേടുമ്പോഴും ശ്രീശാന്ത് ടീമിലുണ്ടായിരുന്നു. 2011 ഓഗസ്റ്റിലാണ് താരം അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.
The post ടീഷർട്ടിൽ നിന്നും പേര് മാഞ്ഞു തുടങ്ങി, പക്ഷെ തോറ്റു കൊടുക്കാൻ ഞാനൊരുക്കമല്ല: ശ്രീശാന്തിന്റെ കുറിപ്പ് appeared first on Indian Express Malayalam.