നോട്ടിങ്ഹാം
അർധ സെഞ്ചുറിയുമായി ലോകേഷ് രാഹുൽ (57*) ഇന്ത്യയെ നയിക്കുന്നു. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 125 റണ്ണെടുത്തു. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 183 റണ്ണിന് പുറത്തായിരുന്നു.
58 റണ്ണിന് പിറകിലാണ് ഇന്ത്യ. മഴയും വെളിച്ചക്കുറവും കാരണം രണ്ടാംദിനത്തിലെ കളി മുടങ്ങി. രണ്ടാംദിനം വിക്കറ്റ് നഷ്ടമാകാതെ 21 റൺ എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് രോഹിത് ശർമയും (36) മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും 97 റൺ കൂട്ടിച്ചേർത്തു. രോഹിതിനെ മടക്കി ഒല്ലി റോബിൻസൺ ഇംഗ്ലണ്ടിനെ കളിയിലേക്ക് തിരികെയെത്തിച്ചു. പിന്നാലെ ഇന്ത്യ പതറി. ക്യാപ്റ്റൻ വിരാട് കോഹ്–ലി (0) ആദ്യ പന്തിൽ പുറത്തായി. ജയിംസ് ആൻഡേഴ്സനാണ് മടക്കിയത്. ചേതേശ്വർ പൂജാരയ്ക്കും (4) അജിൻക്യ രഹാനെയ്ക്കും (5) പിടിച്ചുനിൽക്കാനായില്ല. രഹാനെ റണ്ണൗട്ടാവുകയായിരുനനു. ഋഷഭ് പന്താണ് (7*) രാഹുലിന് കൂട്ട്. രാഹുൽ ഒമ്പത് ബൗണ്ടറികൾ പായിച്ചു. ഇംഗ്ലണ്ടിനായി ജയിംസ് ആൻഡേഴ്സൺ രണ്ട് വിക്കറ്റ് നേടി.